ഹംസ കടവത്ത്
പരപ്പനങ്ങാടി: സൂക്ഷ്മതയാര്‍ന്ന ജീവിതം സ്വായത്തമാക്കാന്‍ വര്‍ഷത്തില്‍ ഒരു മാസ കാലയളവിലെ പകല്‍ സമയം മുഴുവന്‍ വ്രതം നിര്‍ബന്ധമാക്കിയ ദൈവ വചനത്തിന് വിധേയരായ വിശ്വാസികള്‍ ഹിജ്‌റ കലണ്ടറിലെ ഈ വര്‍ഷത്തെ റമദാന്‍ മാസത്തിലും നിര്‍ബന്ധ വ്രതമാചരിച്ചു തുടങ്ങി. പതിവിന് വിപരീതമായി സങ്കട കടലിരമ്പം പേറുന്ന മനസുമായാണ് വിശ്വാസികള്‍ ഇത്തവണ റമദാന്‍ അമ്പിളി പിറയെ വരവേറ്റത്.
ലോകത്തെ ആകെ ഗ്രസിച്ച കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിലാണ് മറ്റാരെയും പോലെ വ്രതമെടുത്തവര്‍ പകച്ചു നില്‍ക്കുന്നത്. ദൈവിക ഭവനങ്ങളായി വിശ്വാസികള്‍ നെഞ്ചേറ്റുന്ന മസ്ജിദുകളുടെ കവാടങ്ങള്‍ പകര്‍ച്ചവ്യാധിയെ ഭയന്ന് അടച്ചിട്ടതോടെയാണ് അടക്കാനാവാത്ത സങ്കടം റമദാനില്‍ വിശ്വാസികളുടെ നെഞ്ചു പിടിച്ചുലക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ റമദാനുകളിലൊക്കെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ നിറഞ്ഞു കവിഞ്ഞു റോഡുകളിലും പള്ളിമുറ്റങ്ങളിലും പേപ്പര്‍ വിരിച്ചാണ് ജുമഅ നിര്‍വഹിക്കാറ്. എന്നാല്‍ ഇത്തവണ റമദാന്‍ ആരംഭിക്കുന്നത് തന്നെ വെള്ളിയാഴ്ച്ച ദിവസമാണ്, അതു കൊണ്ടു തന്നെ ജുമഅ യില്‍ പങ്കെടുക്കാനും വിശ്വ നന്മക്കായി പ്രാര്‍ത്ഥിക്കാനും കഴിയാത്ത സങ്കടം വിശ്വാസികളെ സംബന്ധിച്ച് വിവരണാതീതമാണ്.
കഴിഞ്ഞ മൂന്നാഴ്ച്ചകളായി ജുമഅ നഷ്ടപ്പെട്ട വിശ്വാസികള്‍ റമദാനിലെങ്കിലും തോളോട് തോള് ചേര്‍ന്ന് സൃഷ്ടാടാവി മുന്നില്‍ വിനീത വിധേയത്വം പ്രകടിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ നീട്ടിയതോടെ എല്ലാ പ്രത്യാശകളും താല്‍കാലികമായെങ്കിലും അസ്തമിച്ചു. പള്ളി കേന്ദ്രീകരിച്ചുള്ള യാത്രക്കാര്‍ക്കുള്ള നോമ്പുതുറകള്‍, സാമൂഹ്യ ഇഫ്ത്താറുകള്‍ തുടങ്ങി സാമൂഹ്യ ബന്ധങ്ങളില്‍ അധിഷ്ടിതമായ പുണ്യ കര്‍മങ്ങളും ഇത്തവണ മസ്ജിദ് ഭാരവാഹികള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ.
അതെ സമയം നോമ്പിന്റെ ചൈതന്യം വ്യക്തിതലത്തിലും കുടുംബതലത്തിലുമായി സജീവമായ ആരാധനകളോടെ നില നില്‍ക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ പള്ളികള്‍ നിറഞ്ഞിരുന്ന തറാവീഹ് നമസ്‌ക്കാരങ്ങള്‍ ഇത്തവണ കുടുംബങ്ങളിലെ അകത്തളങ്ങളില്‍ സജീവമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞും, ദൈവ സ്മരണയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമായി മുഴുകി മനസിലെ മാലിന്യങ്ങളെ കഴുകി തുടച്ച് സ്ഫുടം ചെയ്‌തെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ വ്യാപ്രതരാണ്.
ലോക് ഡൗണിന്റെ മറവില്‍ തൊഴില്‍ രഹിതരായ സമൂഹത്തെ സംരക്ഷിക്കാനും കൊറാണയെ തളക്കാന്‍ കേരളീയ സമൂഹം കാഴ്ച്ചവെക്കുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റമദാനിലെ ദാനശീലം വഴി തിരിച്ചുവിടാനും മുസ്ലിം പണ്ഡിതന്മാര്‍ ഒറ്റകെട്ടായ് നല്‍കിയ ആഹ്വാനവും ശ്രദ്ധേയമാണ്. ജുമഅ നഷടപെടുന്നതിലും പള്ളിയുടെ കവാടങ്ങള്‍ അടഞ്ഞുകിടക്കുന്നതിലും വേവലാതി പെടേണ്ടതില്ലന്നും ഇത്തരം സാഹചര്യങ്ങളില്‍ പ്രവാചക മാതൃകയുണ്ടെന്നും മത പണ്ഡിതര്‍ വിശ്വാസികളോട് പറയുന്നു. സത്യാസത്യ വിവേചകമായ ദൈവിക നിര്‍ദേശങ്ങള്‍ അഥവാ
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമെന്നതാണ് റമദാന്‍ മാസത്തിന്റെ ഏറ്റവും വലിയ സവിശേഷത, വിശുദ്ധ റമദാനിന്റെ ത്യാഗനിര്‍ഭരമായ വ്രതത്തിനും, സഹോദര്യ ദര്‍ശനത്തിനും ഐക്യദാര്‍ഡ്യമായ നിലപാടുയര്‍ത്തി
ഏവര്‍ക്കും മലബാരി ന്യൂസിന്റ ‘റമദാന്‍ മുബാറക്ക്.‘




