രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്‌പെന്‍ഷന് സാധ്യത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകള്‍. എംഎല്‍എ സ്ഥാനത്തു തുടരാന്‍ അനുവദിക്കുമെങ്കിലും പാര്‍ട്ടിയില്‍ നിന്നു രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവില്‍ മുന്‍തൂക്കം. വിഷയത്തില്‍ രാവിലെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിച്ചെന്ന പ്രശ്‌നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തില്‍ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. രാഹുലിനെ ഹൈക്കമാന്‍ഡും കൈവിട്ടതോടെ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

രാഹുലിനെതിരെ പാര്‍ട്ടി തലത്തില്‍ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്‌പെന്‍ഷനില്‍ എത്തി നില്‍ക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ 15നു ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് രാഹുല്‍ അവധിയില്‍ പോയേക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top