കോഴിക്കോട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളിലായി നടപ്പാക്കിവരുന്ന വിദ്യാര്‍ത്ഥി സമ്പാദ്യ പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ജില്ല. ജില്ലയിലെ ആകെ 1192 സ്‌കൂളുകളില്‍ 1003 സ്‌കൂളുകള്‍ സ്റ്റുഡന്‍സ് സര്‍വീസ് സ്‌കീമിന്റെ ഭാഗമാണ്. 2025 ഓഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം 78, 319 വിദ്യാര്‍ത്ഥികള്‍ പദ്ധതിയില്‍ അംഗങ്ങളാണ്. 3.28 കോടി രൂപയാണ് ജില്ലയിലെ മൊത്തം നിക്ഷേപം. വിദ്യാഭ്യാസം, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കി വരുന്നത്.
നാദാപുരം, തോടന്നൂര്‍, കൊടുവള്ളി, റൂറല്‍ എഇഓകള്‍ക്കു കീഴിലെ മുഴുവന്‍ സ്‌കൂളുകളും പദ്ധതിയുടെ ഭാഗമാണ്. ഡി ഇ ഒ വടകരയില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളും മുക്കം, കുന്ദമംഗലം, പേരാമ്പ്ര, ബാലുശ്ശേരി, മേലടി, ചോമ്പാല തുടങ്ങി എഇഓകള്‍ക്കു കീഴിലെ 95 ശതമാനത്തിലധികം സ്‌കൂളുകളിലും പദ്ധതി നടപ്പാക്കി വരുന്നു.
2016-ല്‍ കേന്ദ്രസര്‍ക്കാര്‍ സഞ്ചയിക പദ്ധതി നിര്‍ത്തലാക്കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഞ്ചയികയുടെ അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്റ്റുഡന്‍സ് സര്‍വീസ് സ്‌കീം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്പാദ്യ പദ്ധതി ആരംഭിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അംഗങ്ങള്‍ക്ക് എത്ര ചെറിയ തുകയും നിക്ഷേപിക്കാം. ആഴ്ചയില്‍ ഒരിക്കല്‍ അധ്യാപകര്‍ പണം ട്രഷറിയില്‍ അടയ്ക്കും. നാല് ശതമാനമാണ് പലിശ.
സ്ഥാപന മേധാവി, രണ്ട് രക്ഷകര്‍ത്താക്കള്‍, രണ്ട് അധ്യാപകര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങിയ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇവര്‍ അംഗങ്ങളായി ട്രഷറിയില്‍ വിദ്യാര്‍ഥികളുടെ സമ്പാദ്യ പദ്ധതി എന്ന പേരില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും. പദ്ധതിയില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ട് നമ്പറും പാസ് ബുക്കും ലഭിക്കും. നിക്ഷേപിക്കുന്ന തുകയും പിന്‍വലിക്കുന്ന തുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. ടി സി വാങ്ങിപ്പോവുകയോ മറ്റ് കാരണങ്ങളോ കൊണ്ട് അംഗത്വം വേണ്ടെന്ന് വെക്കുന്നവര്‍ക്ക് പലിശ സഹിതം തുക തിരിച്ചു നല്‍കും.
ജില്ലയിലെ സ്‌കൂളുകള്‍ മികച്ച രീതിയിലാണ് പദ്ധതിയോട് പ്രതികരിക്കുന്നതെന്ന് ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിക്കാനുള്ള പ്രയത്‌നങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കിടയില്‍ പദ്ധതിക്ക് നല്ല സ്വീകാര്യതയാണെന്ന് ഗവണ്‍മെന്റ് എച്ച്എസ്എസ് വളയം പ്രധാനാധ്യാപകനായ ടി മഹേഷ് പറയുന്നു. ഏറ്റവും ചെറിയ തുക മുതല്‍ നിക്ഷേപിക്കാമെന്നതിനാല്‍ കുട്ടികള്‍ അനാവശ്യമായി കാശ് ചെലവാക്കുന്നത് കുറയുന്നതാണ് അനുഭവം. മിഠായി പൊതി പോലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്‌കൂള്‍ പരിസരത്ത് കുറയുന്നതായും കാണുന്നുണ്ട്. സ്‌കൂളിലെ പഠന- വിനോദയാത്രയ്ക്കായും തുടര്‍ വിദ്യാഭ്യാസത്തിനായും കുട്ടികള്‍ പദ്ധതിയിലെ നിക്ഷേപം ഉപയോഗിക്കുന്നുണ്ട്. വലിയ തുകകള്‍ പെട്ടെന്ന് സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുള്ള രക്ഷകര്‍ത്താക്കള്‍ക്ക് സമ്പാദ്യ പദ്ധതി വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കോവിഡ് കാലത്ത് ഒട്ടേറെ വീട്ടുകാര്‍ക്ക് പദ്ധതി വലിയൊരു ആശ്വാസമായിരുന്നു എന്ന അനുഭവമാണ് മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ പദ്ധതി നടത്തിപ്പ് ചുമതലയുള്ള അധ്യാപകന്‍ രഞ്ജിത്ത് പറയുന്നത്. പ്ലസ് ടു കഴിഞ്ഞ് പോകുമ്പോള്‍ 40,000 ത്തിനടുത്ത് തുക നിക്ഷേപം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.




