വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധം രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് ബിഹാറില്‍ തുടക്കം

ദില്ലി: വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കം. രാഹുല്‍ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപന റാലി നടക്കും.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ സസാറാമില്‍ രാവിലെ 11.30-നാണ് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയില്‍ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാല്‍നടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങള്‍.

ബിഹാറില്‍ മാത്രം വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 65 ലക്ഷം പേരെ പുറത്താക്കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. രാഹുല്‍ ഗാന്ധിക്ക് പുറമെ ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും യാത്രയില്‍ അണിനിരക്കും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ സഖ്യ മഹാറാലിയോടെ യാത്ര സമാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രാഹുലിന്റെ യാത്ര ഇന്ത്യ സഖ്യത്തിന് വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് രാഹുല്‍ ഗാന്ധിയുടെ യാത്രയോടുള്ള കമ്മീഷന്റെ പ്രതികരണമായി വിലയിരുത്തപ്പെടുന്നു.

നേരത്തെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് നല്‍കിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് താന്‍ ഒരു പൊതുപ്രവര്‍ത്തകനാണെന്നും തന്റെ വാക്കുകള്‍ ഡിക്ലറേഷനായി കണക്കാക്കി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. രാഹുല്‍ മാപ്പ് പറയണമെന്നായിരുന്നു പിന്നീട് കമ്മീഷന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി തേജസ്വി യാദവ് എന്നിവര്‍ നയിക്കുന്ന യാത്ര ആരംഭിക്കുന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. വൈകുന്നേരം നടക്കുന്ന പൊതു റാലിയില്‍ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണവും നിര്‍ണ്ണായകമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top