കുടിയൊഴുപ്പിക്കലിന്റെയും വിറ്റഴിക്കലിന്റെയും കാലത്ത് നെഞ്ച് പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ‘ആരാണ് ഇന്ത്യക്കാര്‍ ?’

കുടിയൊഴിപ്പിക്കലിന്റെയും,വിറ്റഴിക്കലിന്റെയും കെട്ട കാലത്ത് രാജ്യമാകെ പടര്‍ന്ന് ആടേണ്ട പ്രതിരോധത്തിന്റെ പേരാണ് ‘ആരാണ് ഇന്ത്യക്കാര്‍’ എന്ന നാടകം…

മുനീര്‍ ചേളാരി
മുനീര്‍ ചേളാരി

കലാകാരനെന്നത് കാലത്തോട് കലഹിക്കേണ്ട ,
ചോദ്യങ്ങള്‍,ചോദിക്കേണ്ട, വിമര്‍ശനങ്ങള്‍ ചാട്ടുളി പോലെ ഉയര്‍ത്തേണ്ടവനാണെന്ന് ഉറപ്പിക്കുന്നുണ്ട് റഫീഖ് മംഗലശ്ശേരിയും കൂട്ടരും…. അവര്‍ക്ക് ആദ്യമേ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ..അഭിവാദ്യങ്ങള്‍….

പേര് കൊണ്ടും ,
അടയാളങ്ങള്‍ കൊണ്ടും ,
ജാതി കൊണ്ടും
മനുഷ്യരെ വേര്‍തിരിച്ച് പടിയിറക്കുന്ന സവര്‍ണ്ണ ഫാസിസം ഇന്ത്യയുടെ വൈവിധ്യങ്ങളെയും, നാനാത്വത്തില്‍ ഏകത്വത്തെയും
മുച്ചൂട് തകര്‍ത്ത് എറിഞ്ഞ് കൊണ്ട്
ഒരു മതം ,ഒരു രാജ്യം, ഒരു ഭരണകൂടം എന്ന ഏകാധിപത്യത്തിലേക്കാണ്
ഈ നാട് നീങ്ങുന്നതെന്ന ബോധ്യപ്പെടുത്തലിലൂടെയാണ് നാടകം തുടങ്ങുന്നത്.
ശബ്ദം നഷ്ടപ്പെട്ട മനുഷ്യര്‍, പ്രതിരോധിക്കാന്‍ മറന്ന് പോവുന്നവര്‍… നിശബ്ദമായ ആ ആള്‍കൂട്ടമാണ് ഫാസിസത്തിന് വഴിയൊരുക്കുന്നതെന്ന ശക്തമായ സന്ദേശം …

സാമ്പത്തിക മേഖലയില്‍ ചൈനയോടൊപ്പം മല്‍സരിച്ച് കൊണ്ടിരുന്ന നാമിന്ന് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് മല്‍സരിക്കുന്നതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ‘ആക്രി കടക്കാരന്‍’ ഗോപാല്‍ എന്ന
ഗോപാല്‍ജി ഓരോ സാധനങ്ങളും വിറ്റഴിക്കുന്നത്… മതേതരത്വം ,ജനാധിപത്യം ,നവോത്ഥാനം അങ്ങിനെ നാം നേടിയെടുത്ത ഓരോന്നും തല്ലിതകര്‍ത്ത് ഒടുവില്‍ Air india ,LIC, IDBl അങ്ങിനെ നീളുന്നു വിറ്റഴിക്കുന്ന സാധനങ്ങളുടെ നിര …

മണ്ണില്‍ പണിയെടുത്ത് ഒരു തലമുറയെ ഊട്ടിയ മനുഷ്യര്‍ക്ക് ഒടുവില്‍ ഒരു പിടി മണ്ണ് പോലും കിട്ടാതെ പടിയിറങ്ങേണ്ടി വരുന്ന ‘ജന്മം തന്നെ രാജ്യദ്രോഹമായി’ പോയവര്‍…കെട്ട് കഥയല്ല (രോഹിത് വെമുല, ഫാത്തിമ ലത്തീഫ് )കെട്ട കാലത്തെ ചങ്ക് പൊള്ളിക്കുന്ന നേര്..

ഗാന്ധിയെ കൊന്ന തോക്ക് ഇന്നും മനുഷ്യരെ കൊന്ന് കൊണ്ടേയിരിക്കുന്നുണ്ട് .ഗൗരീലങ്കേഷ് ,ധബോല്‍ക്കര്‍ ,പന്‍സാരെ,കല്‍ബുര്‍ഗി ഒടുവില്‍ ജാമിഅയില്‍ വരെ ആ തോക്ക് നിറയൊഴിച്ചിട്ടുണ്ട് … ചരിത്രത്തില്‍ ഗോഡ്‌സെയെങ്കില്‍ വര്‍ത്തമാനത്തില്‍ മനോരാഗിയാവുന്നു എന്ന് മാത്രം…
രണ്ടും ഹിന്ദുത്വ തീവ്രവാദമാണെന്ന് ഉറച്ച് പറയുന്നുണ്ട് ഈ നാടകം …രാഷ്ട്രപിതാവ് ഗാന്ധിജിയെക്കാള്‍ അവര്‍ ഭയക്കുന്നത് അവര്‍ കൊന്ന് തള്ളിയ ഗാന്ധിയെയാണ്…. അതെ ഗാന്ധിജി മരണപ്പെട്ടതല്ലാ ഹിന്ദുത്വ തീവ്രവാദികള്‍ കൊന്ന് തള്ളിയതാണ്… വീണ്ടും ,വീണ്ടും ചരിത്രത്തിലെ ഗാന്ധിയെ നമ്മള്‍ വായിച്ച് കൊണ്ടേയിരിക്കണം…

ശ്രീനാരായണ ഗുരുവും ,അയ്യങ്കാളിയും ,സഹോദരന്‍ അയ്യപ്പനും ഉഴുത് മറിച്ച നവോത്ഥാന കേരളത്തില്‍ കഴിഞ്ഞ ശബരിമല കാലത്ത് എന്താണ് സംഭവിച്ചതെന്നതും കൂടി നമ്മെ ബോധ്യപ്പെടുത്തി കൊണ്ടാണ് നാടകം മുന്നോട്ട് പോവുന്നത്…
ഏറ്റവും മനോഹരവും, മനസ്സിന് കുളിര്‍മയും തന്ന കാഴ്ചയായിരുന്നു നാടകത്തിലെ പ്രധാന കഥാപാത്രമായ ധനിറാം, തങ്ങള്‍ക്ക് വായിക്കാനും ,പഠിക്കാനും, നടക്കാനും ,ജീവിക്കാനും അവകാശം തരുന്ന ഒന്ന് തങ്ങളുടെ മുന്‍ തലമുറയില്‍ പെട്ടവര്‍ ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭരണഘടന ഉയര്‍ത്തി പിടിക്കുമ്പോള്‍ സദസില്‍ നിന്നും ഒരു 12 വയസുകാരി മുസ്ലീം പെണ്‍കുട്ടി ആദ്യം ഉയര്‍ത്തിയ കയ്യടി …. അതെ മതരാജ്യവും ,മത രാജ്യവാദക്കാരുമല്ല ഇന്ത്യന്‍ ഭരണഘടനയാണ് മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തിന് ആധാരമെന്ന തിരിച്ചറിവ് പുതുതലമുറ നേടുന്നു എന്നത് അത്രയേറെ വിപ്ലവാത്മകമാണ്…!

മതമല്ല,
അപകടത്തില്‍പ്പെട്ടത് , മതേതരത്വവും ജനാധിപത്യവും ഭരണഘടനയുമാണ്…. മതേതരമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കിടയില്‍ മതബോധം കുത്തിവെച്ച് വിഭാഗീയത ഉണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന സുഡാപ്പികളെയും ,
മൗദൂദികളെയും കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട് ഈ നാടകം … !
വിളിക്കാന്‍ മുദ്രാവാക്യങ്ങളില്ലാത്തവര്‍ ഒടുവില്‍ തൂക്കു കയറിന് മുന്‍പില്‍ സധൈര്യം നെഞ്ച് വിരിച്ച് ഭഗത് സിങ് വിളിച്ച മുദ്രാവാക്യം ഏറ്റെടുക്കുന്നുണ്ട്…
അതിന്റെ കൂടെ കൂട്ടികെട്ടേണ്ട ഒന്നല്ല മൗദൂദികളെ ,
നിങ്ങളുടെ ആരാധനാ മന്ത്രങ്ങള്‍ …! ഇന്‍ക്വിലാബിന്റെ കൂടെ മത ആരാധന മന്ത്രങ്ങള്‍ ( ലാ ഇലാഹ ഇല്ലല്ലാ ,അല്ലാഹു അക്ബര്‍ ) മുഴക്കാന്‍ ഇത് ഇസ്ലാമിക രാജ്യമാക്കാനുള്ള പോരാട്ടമല്ല…മനുഷ്യര്‍ക്ക് അന്തസ്സോടെയും ,അഭിമാനത്തോടെയും ,
അവകാശങ്ങളോട് കൂടിയും സ്വസ്ഥമായി വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കാനുള്ള പോരാട്ടമാണ് ..!

‘ഹുക്മത്തെ ഇലാഹി ക്കാരോട് ” പറയാനുള്ളതും അതാണ്… നിന്റെയൊന്നും ഇസ്ലാമിക രാഷ്ട്രം ഇവിടെ പുലരാന്‍ പോവുന്നില്ലാന്ന്…

പ്രിയപ്പെട്ട കലാകാരന്മാരെ, നിങ്ങള്‍ ഒന്നേകാല്‍ മണിക്കൂറോളം കലഹിച്ചും ,പ്രതിരോധിച്ചും ,ശബ്ദമുയര്‍ത്തിയും ,ചോദ്യങ്ങള്‍ ചോദിച്ചും പറഞ്ഞത് ഈ നാട്ടിലെ മനുഷ്യന്മാരുടെ കഥയാണ് ….
കാവി ഫാസിസം പടര്‍ന്നാടുന്ന കാലത്ത് ഉറക്കെ പറയേണ്ടുന്ന,രാജ്യമൊട്ടുക്കും കാണേണ്ട ഒരു നാടകം തന്നെയാണ് ‘ആരാണ് ഇന്ത്യക്കാര്‍ ‘…
ഒടുവില്‍ ഈ നാടിന്റെ ദേശീയഗാനം ചെല്ലാന്‍ പടിയിറക്കപ്പെട്ടവരേക്കാള്‍ അവകാശമൊന്നും ചരിത്രത്തില്‍ ഷൂ നക്കിയും ,ഒറ്റിയും നടന്നവര്‍ക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് ദേശീയ ഗാനം ആലപിച്ചാണ് നിങ്ങള്‍ അവസാനിപ്പിച്ചത്..

ഗാനങ്ങള്‍ കൊണ്ട് മനോഹരമാക്കിയ സചീന്ദ്രന്‍ മാഷിന് ,കരിവള്ളൂര്‍ മുരളിക്ക് ,സംഗീതം നല്‍കിയ കോട്ടക്കല്‍ മുരളിയേട്ടന് ,,, കലാസംവിധാനം നിര്‍വ്വഹിച്ച പ്രിയ കൂട്ടുകാര്‍ പ്രണേഷ് കുപ്പിവളവിനും ,അനില്‍ തച്ചണ്ണക്കും ,അരങ്ങില്‍ തകര്‍ത്താടിയ ഓരോരുത്തര്‍ക്കും ,പിന്നണിയില്‍ കഠിനാദ്ധ്വാനം ചെയ്ത പേരറിയാത്ത ഓരോരുത്തര്‍ക്കും ….
ഈ നാടകത്തിന്റെ നെടുംതൂണായ രചനയും ,സംവിധാനവും നിര്‍വ്വഹിച്ച പ്രിയപ്പെട്ട റഫീക്ക് മംഗലശ്ശേരിക്ക്….
നാടകവുമായി കേരളത്തിന്റെ ഓരോ തെരുവുകളിലും ഭരണഘടനയുടെയും ,
ശാസത്രത്തിന്റെയും അന്തസ്സത്ത ഉയര്‍ത്തി പിടിക്കാന്‍ ഈ നാടകവുമായി നമുക്ക് മുന്‍പില്‍ എത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അഭിനന്ദനങ്ങള്‍ ….