Section

malabari-logo-mobile

റഫീഖ് മംഗലശ്ശേരിയുടെ നാടകം ‘കിത്താബ് ‘വിവാദം; തീ അണയുന്നില്ല

HIGHLIGHTS : സുരേഷ് രാമകൃഷ്ണന്‍ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകമത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീക് മംഗലശ്ശേരി രചനയും സംവിധാനവും ...

സുരേഷ് രാമകൃഷ്ണന്‍
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകമത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീക് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച കിത്താബ് വിവാദമാകുന്നു

പ്രശസ്ത കഥാകാരൻ ഉണ്ണി ആറിന്റെ ചെറുകഥയായ ബാങ്കില്‍ നിന്നുമുണ്ടായ പ്രചോദനത്തില്‍ നിന്നാണ് കിത്താബ് പിറവിയെടുത്തത്. പള്ളി മുക്രിയുടെ നാലാമത്തെ ഭാര്യയിലെ പെൺകുട്ടി ഉമ്മുക്കുലുസുവിന്റെ ആകുലതകളാണ് നാടകത്തിലുടനീളം. ഉമ്മുക്കുൽസുവിന്റെ സംഘർഷങ്ങളെ പ്രേക്ഷകരുടെ സംഘർഷങ്ങളാക്കി  മാറ്റുന്നതിലെ സംവിധായകന്റെ മാജിക്ക് റഫീഖ് അതിസുന്ദരമായ് നിർവഹിച്ചിരിക്കുന്നു. ഒരു ഉദാത്തമായ സിനിമയിലെ ചിത്രസംയോജനം പോലെ മനോഹരമായാണ് ഒന്നിനു പിറകെ ഒന്നായ് സീനുകൾ മാറിമറിഞ്ഞത്. പ്രോപ്പർട്ടി യുടെ ധാരാളിത്തം ഇല്ലാത്തതുകൊണ്ടാവണം നാടകത്തിന്റെ സൂക്ഷ്മാനുഭവങ്ങളൊന്നും മനസ്സിൽ നിന്നും ചിതറി പോയതേയില്ല.

sameeksha-malabarinews

പള്ളി മുക്രിയുടെ നാലാമത്തെ ഭാര്യ എന്നത് ആലങ്കാരികമായ അതിസങ്കൽപമാണെന്ന് കരുതാൻ വയ്യ. നിലവിലുള്ള അത്തരം യാഥാർത്ഥ്യങ്ങൾക്ക് നേരെയാണ്  നാടകം ആദ്യം പ്രതിഷേധിക്കുന്നത്. മതം സ്ത്രീയുടെ മേൽ തറച്ച് വെച്ച തുരുമ്പാണിയാണ് നാലാം കെട്ടെന്ന് നാടാകാന്ത്യത്തിൽ ഉമ്മുകുൽസുവിന്റെ ഉമ്മ സൂചിപ്പിക്കുന്നുണ്ട്.

വീടിനകത്ത് പാകം ചെയ്യുന്ന ആഹാരത്തിന്റെ പങ്ക് പോലും  പെൺകുട്ടികൾക്ക് ലഭിക്കുന്നത് ആണധികാരത്തിൻറെ ഔദാര്യത്തിൽ ആണെന്ന സത്യം പൊളിച്ചു കളയാൻ നാടകം പറയുന്നു.
പുതിയ കാലത്തും പൊരിച്ച മീൻ ആണുങ്ങൾ തിന്നതിന്റെ പകുതി തിന്നാൽ മതിയെന്ന് ഉളുപ്പില്ലാതെ പറയാൻ  കഴിയുന്ന ചിതലുപിടിച്ച മാതാപിതാക്കളെയും,സമൂഹത്തെയും നാടകം അറപ്പോടെ
നിരീക്ഷിക്കന്നുണ്ട്. ഉമ്മുക്കുൽസു ഒരു സന്ദർഭത്തിൽ ഉപ്പയോട് ചോദിക്കുന്നുണ്ട് പൊരിച്ച മീൻ കഴിക്കാൻ ആണിന്റെ പകുതിക്കെ അവകാശം ഉള്ളൂവെങ്കിൽ ആണുങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റ
പകുതി ധരിച്ചാൽ പോരേ പെണ്ണുങ്ങൾ എന്ന്. വളരെ നീതിപൂർവ്വമായ ഈ ചോദ്യത്തെ കടുത്ത ധാർഷ്ട്യത്തോടെയാണ് ഉപ്പ നേരിട്ടത് അവിടെ മകൾ സ്ത്രീയുടെ സ്റ്റാറ്റസിൽ നിന്നും ഒരു അടിമയിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്നതും പിതാവ് കേവലം ഉടമ യിലേക്ക് മലക്കം മറിയുന്നതും കാണാം.

നാടകത്തിന്റെ അകത്ത് നാടകം പറയുന്ന ഘടനാപരമായ രീതിയാണ് സംവിധായകൻ അവലംഭിച്ചിരിക്കുന്നത് . നാടകം രൂപപെട്ടു വരുന്ന റിഹേഴ്സൽ ക്യാമ്പിൽ പോലും ദേശീയ ഗാനത്തിന്റെ അന്ത:സത്തയെ
ദേശഭക്തിയോടെയും, അഭിമാനത്തോടെയും സമീപിക്കുന്ന
കലാകാരന്മാരുടെ കടമയും,ജാഗ്രതയും, ഉത്തരവാദിത്വവും മറ്റുള്ളവരുടെ നാട്യങ്ങളേക്കാൾ കേമമാണെന്ന് സൂചിപിക്കുവാനും നാടകത്തിനു കഴിഞ്ഞു. ഒരു തിയേറ്ററിനുള്ളിലെ ജനങ്ങളെ മുഴുവൻ
ദേശീയഗാനം ഇരുത്തികേൾപ്പിച്ചു കൊണ്ട് ചില രാഷ്ട്രീയ
അന്ധവിശ്വാസങ്ങൾക്കെതിരെയും നാടകം വിരൽ ചൂണ്ടി.

വളരെ പരമ്പരാഗതവും പ്രാകൃതവുമായ ഗാർഹിക അന്തരീക്ഷത്തിലെ പെൺകുട്ടി പുതിയ ചില തുറസുകളിലേക്ക് മനസു
തുറക്കുന്നതാണ് നാടക പശ്ചാത്തലം. അനിർവചനീയവും അലൗഗീക
വുമായ ഈണത്തിൽ ബാങ്ക് വിളിക്കുന്ന ഒരു മുക്രിയുടെ മകളായിട്ടാണ് നാടകത്തിൽ നായിക വരുന്നത്.  ഉപ്പയുടെ ബാങ്ക് വിളിയുടെ സൗന്ദര്യം പൂർണാർത്ഥത്തിൽ ജീവിതത്തിൽ പതിഞ്ഞ ഉമ്മുകുൽസുവിന് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണം എന്ന് പറയുന്നിടത്ത് നാടകാന്തരീക്ഷം അല്‍പ്പനേരം ഉടഞ്ഞ് ചിതറുന്നുണ്ട് .
കുരുടന്റെ കണ്ണിൽ വെളിച്ചം തട്ടുംപോലുള്ള നീറ്റലായാണ് മുക്രി
അതു കേട്ടത്. ആകാശത്തുള്ള എല്ലാ പള്ളി മിനാരങ്ങളിലെയും കോളാമ്പി സ്പീക്കറുകളിൽ അവളുടെ ബാങ്ക്
വിളികൾ കേൾക്കുന്നതായ് അയാൾക്കു തോന്നി.

മതയാഥാസ്ഥിതികരുടെ ഉളളറിയുന്ന
മുക്രിയും, അത്രയൊന്നുമറിയാത്ത ഭാര്യയും മോഹാലസ്യപെടുന്നു.
മകളെ പിന്തിരിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ അവളെ കൊല്ലാൻ തീരുമാനിക്കുന്ന പിതാവിന്റെ ഗതികേടായ് വളരുന്ന ഏടാകൂടമായാണ് മതാന്തരീക്ഷം മാറുന്നത്. സ്വന്തം മകളെ കൊല്ലുവാൻ പോലും ആയുധം എടുത്തു കൊടുക്കുന്ന
വിശ്വാസത്തിന്റെ അദൃശ്യ ഹസ്തം നാടകം പകൽ പോലെ വരച്ചു കാണിച്ചു. രക്തബന്ധത്തിനും സ്നേഹ ബന്ധത്തിനുമിടയിൽ ലിംഗവിവേചനം എന്ന അന്തവിശ്വാസത്തിന് ഒട്ടും പ്രസക്തിയി
ല്ലായെന്ന് മുക്രി തിരിച്ചറിയുന്നിടത്ത്  ഉമ്മുക്കുൽസു ഉറക്കെ ബാങ്ക് വിളിക്കുന്നിടത്ത് നാടകം തീരുകയാണ്.

ഇ കെ അയമുവും കെ.ടി മുഹമ്മദും തുടങ്ങി വച്ച  തങ്ങൾ നില കൊള്ളുന്ന
മത യാഥാസ്തിക  പുരോഹിത്യ  നിലപാടിനെ  നാടകത്തിലൂടെ  എതിർത്ത്  കൊണ്ട്  തന്നെയാണ്  റഫീഖ്  മംഗലശ്ശേരി   മലയാള  നാടകരംഗത്തേക്ക്  കടന്ന്  വന്നതും  നിലനിൽക്കുന്നതും    കഴിഞ്ഞ  25  വർഷത്തിലധികമായി   സകൂൾ  നാടക  രംഗത്ത്  സജീവമായി  നിലനിൽക്കുന്ന  റഫീഖ് വ്യത്യസതമായ  കഥയും  അവതരണവുമായി  സ്റ്റേജിനെ  അംമ്പരപ്പിക്കുന്നതും  ബഷീറിന്റെ ‘ബിർ’ എന്ന കഥയുടെ സ്വതന്ത്ര  നാടകവിഷ്കാരത്തിലൂടെ മത യാഥാസ്തികനിലപാടുകളിലേക്ക്    കുട്ടികളെ  കൊണ്ട്   പുറംതിരിഞ്ഞ് നിന്ന്  വളിയിടുവിച്ച  റഫീഖ്  കഴിഞ്ഞ  വർഷം   സന്തോഷ്  എച്ചിക്കാനത്തിന്റെ
ബിരിയാണി എന്ന കഥയുമായി  വന്ന് വിവാഹ ധൂർത്തിനെ പറ്റി പറഞ്ഞ്   കാണികളെ  കണ്ണിരിയണിപ്പിച്ചു.
സ്ത്രീകൾ ശബരിമലയിൽ  പോകുന്നതിനെ പറ്റി സുപ്രീംകോടതി
വിധി വന്ന് കേരളമൊന്നാകെ ചർച്ച ചെയ്യുകയും  സംഘപരിവാർ  അതിനെ  രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന  ഈ  കാലത്ത്  തന്നെയാണ്  മുസ്ലിം  സ്രതീകൾക്ക് പള്ളിയിൽ  ബാങ്ക് കൊടുക്കാമോ എന്ന മൂർച്ചയേറിയ ചോദ്യവുമായ്  ഈ നാടകം ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമേളയിലേക്ക് ഓടിക്കയറുന്നത്.

നാളെ കേരളം എന്താവണമെന്ന് തീരുമാനിക്കുന്നവരുടെ ഭാവനയിലേക്ക് ആളിപടരുന്ന ഒരു തീപ്പന്തമായ്  ഈ ചോദ്യം കത്തിപ്പടരുമോയെന്ന് യാഥാസ്ഥിതികർ ഭയപ്പെടുന്നു.അതുകൊണ്ടു തന്നെ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഈ നാടകം
അവതരിപ്പിക്കപ്പെടാതിരിക്കാൻ അവരുടെ സർവ്വ ശേഷിയും പ്രയോഗിക്കുമെന്നും  അതിന്റെ ഭാഗമാണ് ചില പ്രകടനങ്ങളും
ഫേസ്ബുക്ക് ഭീഷണികളുമെന്നും ഈ നാടകത്തിന്റെ അണിയറ പ്രവർത്തകർപറഞ്ഞു. സാംസ്ക്കാരിക കേരളം ഇത്തരം അസമത്വങ്ങളെയും, അനാചാരത്തെയും എളുപ്പത്തിൽ മറികടക്കുക തന്നെ ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!