ദില്ലി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി. അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങിലാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അഞ്ച് റഫാല്‍ വിമാനങ്ങളെയും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. റഫാല്‍, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും അംബാലയില്‍ നടന്നു.
അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. റഫാല്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് ഫ്‌ളോരന്‍സ് പാര്‍ലി വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ ജൂലായ് 27 ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.



