Section

malabari-logo-mobile

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനോട് വല്ലാത്തൊരു പ്രണയമായിരുന്നു

HIGHLIGHTS : kozhikode memory satheesh-thottathil

കോവിഡ് കാലത്തിനിടയില്‍
ഒരിക്കല്‍
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോകേണ്ടിവന്നു.
തീവണ്ടികള്‍ പൂര്‍ണ്ണമായും നിന്ന സമയത്ത്.
മരച്ചവീടുപോലെ മൂകമായിരുന്നത്.
യാത്രക്കാരുടെ ഒച്ചവിളികളില്ല.
ലഗേജുകളുടെ ധാരാളിത്തമില്ല.
അനൗണ്‍സ്മെന്റുകളുടെ താളാത്മകതയില്ല.
കൗണ്ടറുകളില്‍ ആളനക്കമില്ല.
തീവണ്ടികളുടെ പ്രകമ്പനങ്ങളില്ല.
ഫ്ലാറ്റ്ഫോമുകള്‍ കളിയൊഴിഞ്ഞ ഗ്രൗണ്ടുകള്‍പോലെ നീണ്ടുകിടന്നു.
എനിക്കെന്തോ ഭയംതോന്നി.

പ്രീഡിഗ്രി കാലംതൊട്ടേ തീവണ്ടിയാത്രയുണ്ടായിരുന്നു.
കോഴിക്കോട്ട് സ്റ്റേഷന്‍ അന്നേ സുപരിചിതമാണ്.
ബസ്സുകളൊക്കെ നന്നേ കുറവായതിനാല്‍
തീവണ്ടിയായിരുന്നൂ മിക്കവരുടേയും വാഹനം.
കോഴിക്കേട്ടേക്കെത്താനുള്ള പാലങ്ങളൊന്നും തുറന്നിട്ടില്ല.
ബസ്സിലൂടെയെത്തണമെങ്കില്‍
നീണ്ട ബസ് യാത്രവേണമായിരുന്നൂ.
ചുറ്റിക്കറങ്ങിയങ്ങനെ അവിടെയെത്തും.
കൂകൂ കൂകൂ തീവണ്ടീ
കൂകി കൂകി പായും തീവണ്ടി
കല്‍ക്കരി തിന്നും തീവണ്ടി യായിരുന്നൂ അന്ന്.
തീവണ്ടിയില്‍ കയറുന്ന വള്ളിക്കുന്ന് സ്റ്റേഷനില്‍
ഒരു നാട്ടുത്സവത്തിന്റെ ആളുണ്ടായിരിക്കും.
ലിംഗഭേദമന്യേ പരന്നങ്ങനെകിടക്കും.
സൗഹൃദങ്ങള്‍ മീറ്റ് ചെയ്യുമിടവും സ്റ്റേഷന്‍ തന്നെ.
നാളെ സ്റ്റേഷനില്‍ വെച്ചുകാണാം എന്നായിരുന്നൂ
പിരിയുമ്പോഴുള്ള പറച്ചില്‍.
ഇന്നത് വാട്സപ്പില്‍ കാണാമെന്നായി.
തീവണ്ടി സ്റ്റേഷനില്‍ എത്തുമ്പോള്‍
കല്‍ക്കരിപുകയാല്‍ അന്തരീക്ഷം കറുത്തിരിക്കും.
തീവണ്ടിതലയില്‍ കല്‍ക്കരിയും തീയുമായ്
തീവണ്ടി വന്നു നില്‍ക്കുമ്പോള്‍
ആളുകള്‍ വാതിലുകളും ലക്ഷ്യംവെച്ച് ഓടിക്കൊണ്ടിരിക്കും.
കല്‍ക്കരികൊണ്ട് കറുത്തിട്ടുണ്ടാവും ഡ്രെെവര്‍.
കയ്യില്‍ കല്‍ക്കരി കോരിയിടാനുള്ള ചട്ടുകവുമുണ്ടാവും.
തീ കത്തിക്കൊണ്ടിരിക്കുന്നുണ്ടാവും.

sameeksha-malabarinews

ഡബിള്‍റെയിലൊന്നും വന്നിട്ടില്ല.
ഒറ്ററെയില്‍ അഭ്യാസങ്ങളിലൂടെ തീവണ്ടികള്‍
ഓടികൊണ്ടേയിരുന്നു.
തേക്കിന്‍ സ്ലീപ്പറുകള്‍ തീവണ്ടിയെ താങ്ങിനിര്‍ത്തി.
മുന്നിലെ കംപാര്‍ട്ട്മെന്റിലാണെങ്കില്‍
പുകയും കരിയും കൊണ്ട് കറുത്തിരുളും.
വാതില്‍ക്കല്‍ തൂങ്ങിപോകുന്നതും
ആ കാലത്തെ ത്രില്ലുകളായിരുന്നു.
വീട്ടിലെത്തിയാല്‍ കുളിമുറിയില്‍ കയറിയാല്‍
വെള്ളത്തോടൊപ്പം കല്‍ക്കരിയും കലരും.
കല്‍ക്കരിയുടെ മണം പടരും.
ലോക്കലിലാണ് കൂടുതലും യാത്രകള്‍.
നിര്‍ത്തുന്നതും കൂടുതല്‍ ലോക്കല്‍ ട്രെയിനുകളാണ്.
അവര്‍ണ സവര്‍ണ വ്യത്യാസങ്ങള്‍
ആ കാലത്തെ തീവണ്ടികളും അനുഭവിച്ചിരുന്നു.
ലോക്കല്‍ വണ്ടികള്‍ പലപ്പോഴും
സവര്‍ണര്‍ക്കായ് വഴിമാറിയും കാത്തുകെട്ടിയും സ്റ്റേഷനുകളില്‍ കിടന്നു.
ചിലപ്പോള്‍ മണിക്കൂറുകളോളം കിടന്നു.
അവര്‍ണനായ ലോക്കലിനെ കാണുമ്പോള്‍
സവര്‍ണനായ എക്സപ്രസുകള്‍
അധികാരത്തിന്റെ ഹുങ്കും കാണിച്ച്
കുതിച്ചോടുന്നതു കാണുമ്പോള്‍
ഈര്‍ഷ്യയും വെറുപ്പും തോന്നിയിട്ടുണ്ട്.
സവര്‍ണന്‍ അടുത്ത സ്റ്റേഷന്‍ വിട്ടാലേ
അവര്‍ണന് അവിടെനിന്നും അനങ്ങാനാവൂ.
ഇതിനിടയില്‍ ഉച്ചസമയങ്ങളില്‍
കാക്കി സഞ്ചിയില്‍ മധുര നാരങ്ങകളുമായെത്തുന്ന
നാരങ്ങാ വില്‍പ്പനക്കാര്‍ ഇപ്പോഴും മനസ്സിലുണ്ട്.
അവരുടെ താളാത്മകതയോടെയുള്ള
വില്പന ശബ്ദങ്ങള്‍ ഇപ്പോഴും കാതിലുണ്ട്.
മായം കലരാത്ത മരുന്നടിക്കാത്ത
കുടക് നാരങ്ങകള്‍ വണ്ടികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
ഒരു നാരങ്ങ പൊളിക്കുമ്പോള്‍
അതിന്റെ മണം കംപാര്‍ട്ട്മെന്റില്‍
മുഴുവനായും പരക്കുമായിരുന്നു….
ഒരുപാട് കൂട്ടൂകാരികളുണ്ടായിരുന്നൂ
അന്നത്തെ തീവണ്ടിയാത്രകളില്‍.
അവര്‍ക്ക് അരികിലിരിക്കാന്‍
സീറ്റുകളവര്‍ പിടിച്ചുവെച്ചിരുന്നു.

കോഴിക്കോട് സ്റ്റേഷനോട്
വല്ലാത്തൊരു പ്രണയമുണ്ടായിരുന്നു.
ആരും സംശയിക്കാതെ
യാത്രക്കാരെപോലെ തോന്നിക്കുംമട്ടില്‍
ഞങ്ങളെത്രയവിടെ ഇരുന്നിട്ടുണ്ട്.
ഏത് അര്‍ദ്ധരാത്രിയിലും
അതൊരു സുരക്ഷിത താവളമായിരുന്നു.
കളി കണ്ടും സിനിമകള്‍ കണ്ടും
അവിടെനിന്നായിരുന്നൂ രാത്രി മടക്കങ്ങള്‍.
ഒരിക്കല്‍ ഉറങ്ങിയുറങ്ങി ഇറങ്ങാന്‍ മറന്നതും
രാവിലെവരേ ഒരു സ്റ്റേഷനില്‍ ഇരുന്നതും
ഓര്‍മ്മവരുന്നു.

ചാലിയം സ്റ്റേഷന്(ഫയല്‍ ചിത്രം)
ചാലിയം സ്റ്റേഷന്(ഫയല്‍ ചിത്രം)

കൗതുകരവും രസകരവുമായ ചരിത്രമുണ്ട്
കോഴിക്കോട് സ്റ്റേഷന്.
1888 ലാണ് ഇന്ന് കാണുന്ന സ്റ്റേഷന്‍ ജനിച്ചത്.
അതുവരേയും ചാലിയം വരെമാത്രമെ
തീവണ്ടിയുണ്ടായിരുന്നുള്ളു.
ചാലിയത്തായിരുന്നൂ സ്റ്റേഷന്‍.
കോഴിക്കോടുള്ളവര്‍ ചാലിയത്ത് വണ്ടിയിറങ്ങും.
ശേഷം ബേപ്പൂര്‍ കല്ലായി കടവുകള്‍ കടന്ന്
കോഴിക്കോട്ടേക്കെത്തും.
തോണിയുടെ ടിക്കറ്റുകള്‍ സ്റ്റേഷനില്‍നിന്നുതന്നെ കൊടുക്കും.
ഈ യാത്ര അസഹ്യമായപ്പോള്‍
നാട്ടുകാര്‍ കലക്ടര്‍ക്ക് നിവേദനം കൊടുത്തു.
വില്യം ലോഗനായിരുന്നൂ കലക്ടര്‍.
നിവേദനം അംഗീകരിക്കപ്പെടുകയും
സ്റ്റേഷനുള്ള സ്ഥലം ലോഗന്‍ കണ്ടെത്തുകയും ചെയ്തു.
ഒടുവില്‍ സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടു.

ജാതിയും മതവും സ്റ്റേഷനേയും വരിഞ്ഞുമുറുക്കി.
സ്റ്റേഷന്റെ പുറത്തേക്കുള്ള കവാടം
വലിയങ്ങാടിയിലേക്കായിരുന്നൂ തുറന്നത്.
ഹെെന്ദവ പ്രമാണിമാര്‍ ഇതിലിടപ്പെട്ടു.
ഞങ്ങളുടെ സ്ത്രീകള്‍ക്ക് വലിയങ്ങാടിയിലൂടേ പോകാന്‍ വിഷമമുണ്ടെന്നായിരുന്നൂ എതിര്‍പ്പിന് കാരണം.
അതോടെ ആ കവാടം മാറ്റി.
പിന്നീട് മുന്നിലേക്ക് തുറന്നപ്പോഴും എതിര്‍പ്പുണ്ടായി.
എതിര്‍ത്തത് ഒരു തിയ്യപ്രമാണിയാണ്.
അദ്ദേഹം കൊടുത്ത നിവേദനം ഇതായിരുന്നു
”തളി നിവാസികളുടെ ആവശ്യപ്രകാരം
നിങ്ങള്‍ ഈ വഴി വെക്കുന്നതായാല്‍
അതില്‍കൂടി ചെറുമര്‍, കണക്കര്‍ ,കല്യാടി എന്നീ വിഭാഗങ്ങള്‍ വഴിനടക്കാന്‍ ഇടയുണ്ട്.
അത് ക്ഷേത്രത്തെ അശുദ്ധമാക്കും.
അതിനാല്‍ വഴിയടക്കണം.
അല്ലെങ്കില്‍ മേല്‍പറഞ്ഞവരുടെ സഞ്ചാരം
നിരോധിക്കണം ”
ഇത് വായിച്ച കലക്ടറും ഭരണകൂടവും
അതിനെ ചവച്ചുകൊട്ടയിലിട്ടു.

ആദ്യമായ് തീവണ്ടി വന്നതും രസകരമാണ്.
വിശ്വാസവും അന്ധവിശ്വാസവും കിംവദന്തികളും തീവണ്ടിയിലും വേഗത്തില്‍ സഞ്ചരിച്ചു.
തീവണ്ടിയോടിതുടങ്ങിയാല്‍
ചുറ്റുമുള്ള വീടുകള്‍ക്ക് തീപിടിക്കും എന്നതായിരുന്നൂ ഒന്ന്.
അന്നത്തെ തീവണ്ടിയറിപ്പുകള്‍
ചെണ്ടകൊട്ടിയും മെഗാഫോണിലൂടേയുമാണ്
യാത്രക്കാരെയറിയിച്ചത്.
സ്റ്റേഷന്‍ വിളക്കുകള്‍ പന്തങ്ങളും റാന്തല്‍വിളക്കുകളുമായിരുന്നു.
അന്നത്തെ മൂന്നാക്ലാസ് ടിക്കറ്റുകാര്‍
കുറേകാലം മഴയും വെയിലും കൊണ്ടാണ്
യാത്രചെയ്തത്.
ചാലിയത്തുനിന്നും കോഴിക്കേടേക്ക്
സ്റ്റേഷന്‍ മാറ്റിയപ്പോള്‍
ചാലിയം പിന്നീട് ബ്രിട്ടീഷ് പട്ടാളക്കാരുടെ
കോളറ പുനരധിവാസ കേന്ദ്രമായിരുന്നു.
ഇന്നും ചാലിയത്ത് ആ സ്റ്റേഷനുണ്ട്
സര്‍ക്കാറിന്റെ കീഴിലുള്ള തേക്ക് ഡിപ്പോയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!