സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ ‘എന്നെയൊന്ന് കൊന്ന് തരുമോ’ എന്ന് പൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് ഇനി ഹോളിവുഡില്‍ തിളങ്ങും

ഉയര കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്ന് ക്രൂരമായ പരിഹാസത്തിനിരയായ ക്വാഡന്‍ ബെയില്‍സ് എന്ന 11 വയസുകാരന് ഹോളിവുഡ് സിനിമയില്‍ അവസരം. ബോളിവുഡ് പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘മാഡ് മാക്സ്: ഫ്യൂരിയോസ’യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതു വയസുകാരെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാന്‍ സാധിക്കില്ല. അവന്റെ കരയുന്ന മുഖം അത്രമേല്‍ ലോകത്തെ വേദനിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡന്റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അന്ന് ലോകം മുഴുവനും ക്വാഡനെ ചേര്‍ത്തുപിടിച്ചിരുന്നു.

സഹപാഠികളില്‍ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡന്‍ എന്ന 9 കാരന്റെ വീഡിയോ അവന്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് 2020 ഫെബ്രുവരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയില്‍ കരഞ്ഞു കൊണ്ട് ക്വാഡന്‍ പറയുന്നത്, ‘എനിക്കൊരു കയര്‍ തരൂ, ഞാന്‍ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. തന്റെ കൂട്ടുകാര്‍ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡന്‍ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡന്‍ പറയുന്നു.

‘പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണ് എന്റെ മകന്‍ സ്‌കൂളില്‍ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണം.’- വീഡിയോയിലൂടെ അമ്മ പറയുന്നു.അന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ക്വാഡന് പിന്തുണ ലഭിച്ചു.

ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹേംസ്വെര്‍ത്ത്, ആന്യ ടെയ്‌ലര്‍-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വേഷമിടും. 2024ലാണ് സിനിമ പുറത്തിറങ്ങുക. ജോര്‍ജ് മില്ലറിന്റെ തന്നെ ‘ത്രീ തൗസന്‍ഡ് ഇയേഴ്സ് ഓഫ് ലോങിങ്’ എന്ന സിനിമയിലും ക്വാഡന്‍ ബെയില്‍സ് അഭിനയിക്കും. ഇദ്രീസ് എല്‍ബ, ടില്‍ഡ സ്വിന്‍ടണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

 

 

 

Share news
error: Content is protected !!
Scroll to Top