ദോഹ: ഇന്ത്യന്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ഖത്തറിലേക്ക് വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വ്യാപകമാകുന്നു. മുംബൈ, ചെന്നൈ, മംഗലാപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ നഗരങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് വന്‍ തോതില്‍ വ്യാജ റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നടക്കുന്നത്. സ്വകാര്യ കമ്പനികളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരില്‍ ചില ഏജന്റുമാര്‍ വ്യാജ ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഖത്തറിലെ കമ്പനികള്‍ അംഗീകൃത ഏജന്റുമാര്‍ വഴി നടത്തുന്ന യഥാര്‍ത്ഥ അഭിമുഖങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് വ്യാജന്മാര്‍ രംഗത്തു വരുന്നത്.
മുംബൈ, മംഗലാപുരം, ചെന്നൈ നഗരങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പേരിലും ഖത്തര്‍ പെട്രോളിയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലുമാണ് അടുത്തിടെ വ്യാജ ഇന്റര്‍വ്യൂകള്‍ നടന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് നഴ്‌സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് തസ്തികകളിലേക്കാണ് മംഗലാപുരം മുംബൈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ലക്ഷങ്ങളാണ് വ്യാജ ഏജന്റുമാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിസക്കായി ആവശ്യപ്പെടുന്നത്. കോഴിക്കോട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് ഒരു സ്വകാര്യ കമ്പനിയുടെ പേരില്‍ തട്ടിപ്പു നടത്താനുള്ള ശ്രമം ഉദ്യോഗാര്‍ത്ഥികളുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ മൂലം പൊളിഞ്ഞത്. ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, ടെക്‌നീഷന്‍, ഫോര്‍മാന്‍ തസ്തികളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് സംഘം ഇന്റര്‍വ്യൂ ആരംഭിച്ചത്. പ്രാഥമിക ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടാം ഘട്ട അഭിമുഖത്തിന് വരുമ്പോള്‍ പാസ്‌പോര്‍ട്ടും 25,000 രൂപയും വിസ നടപടികള്‍ക്കായി നല്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. അതിനിടെ ഖത്തറില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള ചില ഉദ്യോഗാര്‍ത്ഥികള്‍ കമ്പനി പ്രതിനിധികളായെത്തിയവരോട് കമ്പനിയെക്കുറിച്ചും, കമ്പനി സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ചും സംശയങ്ങള്‍ ഉന്നയിച്ചതോടെയാണ് തട്ടിപ്പു സംഘത്തിന്റെ ശ്രമം പാളിയത്. ഉദ്യോഗാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാനാവാതെ കുഴഞ്ഞവര്‍ വൈകുന്നേരത്തോടെ ഇന്റര്‍വ്യൂ നിര്‍ത്തിവെച്ച് രാത്രി ഹോട്ടല്‍ മുറി ഒഴിഞ്ഞു പോവുകയായിരുന്നു. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്റര്‍വ്യൂവിനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ വിവരമറിഞ്ഞ് മടങ്ങി. ആര്‍ക്കും പണം നഷ്ടമായിട്ടില്ലെന്നാണ് അറിയുന്നത്. ആദ്യ ദിവസം 35 പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. പത്ര പരസ്യത്തിന് പകരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ ഇപ്പോള്‍ ഇരകളെ കണ്ടെത്തുന്നത്. മംഗലാപുരത്തും മുംബൈയിലും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് നഴ്‌സുമാര്‍ക്കായി വ്യാജ ഇന്റര്‍വ്യൂ നടത്തിയവരും ഇതേ മാര്‍ഗം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ഇതിനു പുറമെ ഓണ്‍ലൈന്‍ വഴി ജോലി ഒഴിവ് പോസ്റ്റ് ചെയ്ത് അപേക്ഷ സ്വീകരിച്ച് തട്ടിപ്പു നടത്തുന്ന വിരുതന്മാരും വിലസുന്നുണ്ട്.


