തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷ ഇളവു ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഖത്തറിന് ദയാഹര്‍ജി നല്‍കും

ദോഹ: വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ ശിക്ഷയില്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഖത്തറിന് ദയാഹര്‍ജി നല്‍കും. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്റര്‍ പേജില്‍കൂടിയാണ് ഇക്കാര്യം അറിയിച്ചത്.തമിഴ്നാട്ടുകാരായ അളഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നത്. പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. പ്രതികളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ദയാ ഹരജി സമര്‍പ്പിക്കുമെന്നാണ് സുഷമാ സ്വരാജ് അറിയിച്ചത്.

ഇന്ത്യന്‍ എംബസിയോട് തമിഴ്നാട് സര്‍ക്കാറും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കെതിരെ വന്ന കോടതി വിധി കാഠിന്യമേറിയതാണെന്ന്  അടുത്തിടെ വിദേശകാര്യ മന്ത്രാലയം വാരാന്ത്യ പ്രസ് ബ്രീഫിംഗില്‍  ചൂണ്ടിക്കാട്ടിയിരുന്നു.  കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി വിലയിരുത്തുന്നുണ്ടെന്നും പ്രാദേശിക നിയമസ്ഥാപനവുമായി ചേര്‍ന്ന് വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിക്കുകയും ചെയ്തിരുന്നു.

2012ലാണ് സലത്ത ജദീദില്‍  ഖത്തരി വൃദ്ധ കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വൃദ്ധ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടുജോലിക്കാരി മാത്രമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.  തൊട്ടടുത്ത് ജോലിചെയ്തിരുന്ന പ്രതികളെ റമദാന്‍ സമയത്ത് ഇവര്‍ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയിരുന്നു.  അവസരം മുതലെടുത്ത് വീടിന്‍്റെ സാഹചര്യങ്ങള്‍  മനസിലാക്കിയാണ് കൃത്യം നടത്തിയത് എന്നും കുറ്റപത്രത്തില്‍  പറയുന്നു.

 

Related Articles