ഖത്തര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു

ദോഹ: സൗദിയടക്കമുള്ള രാജ്യങ്ങളോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍. രാജ്യത്തിനെതിരെ സൗദിയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ തീര്‍ത്ത ഉപരോധം രണ്ടുമാസത്തിനോടടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാതെയുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അയല്‍ രാജ്യങ്ങളെ പേരെടുത്തു വിമര്‍ശിക്കുകയോ ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയുന്നതിന് പകരം ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള നല്ല അവസരമാണിതെന്ന് അമീര്‍ ഓര്‍മിപ്പിച്ചു.  ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് അമീറിന്റെ പ്രതികരണം.

ഖത്തറിനെതിരെ ചില അയല്‍രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം രണ്ടു മാസത്തോടടുക്കുമ്പോള്‍  രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോകുന്ന ജനങ്ങള്‍ക്കും ഖത്തറിന് പിന്തുണയുമായി നിന്ന മറ്റ് രാജ്യങ്ങള്‍ക്കും അമീര്‍ നന്ദി പറഞ്ഞു.

മുന്‍ കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അന്യായമായ ഉപരോധം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.  ജനജീവിതം ഇപ്പോഴും സാധാരണനിലയിലാണെന്നും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനായുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ആഡംബരത്തിനു വേണ്ടിയല്ല, അതിജീവനത്തിനു വേണ്ടിയുള്ള വൈവിധ്യവല്‍ക്കരണമാണ് നടപ്പിലാക്കുന്നതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരായ ഉപരോധം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പോറലുകള്‍ ഏല്‍പിച്ചതായും എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങള്‍ക്ക് ആരോടും പരിഭവമില്ലെന്നും പതിനഞ്ചു മിനുട്ട് നീണ്ട തന്റെ പ്രസംഗത്തില്‍ അമീര്‍ വ്യക്തമാക്കി.

ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ കൃത്യമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അത് ലോകരാഷ്‌ട്രങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്ത ഖത്തറിന്റെ നയതന്ത്ര മികവ് ഒന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു അമീറിന്റെ പതിനഞ്ചു മീനൂട്ട് നീണ്ടു നിന്ന സംസാരം.

 

Related Articles