ദോഹ: വ്യത്യസ്തവും ആകര്‍ഷവുമായ ഹദദ് മത്സരത്തോടെ അഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്റ് ഹണ്ടിങ് ഫെസ്റ്റിവലിന് തുടക്കമായി. ഇന്നലെ ഉച്ചയ്ക്കുശേഷം സീലൈനിലെ സബ്കാത് മര്‍മയിലാണ് മത്സരം തുടങ്ങിയത്.ഹദദ് മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാനപ്പെട്ടതും വലിയതും ആകര്‍ഷകവുമായ മത്സരമാണ് ഹദദ് വിഭാഗം. പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടുതന്നെ ശ്രദ്ധേയമായ മത്സരം ത്രില്ലിങ് അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഹദദ് ചലഞ്ച് കമ്മിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ സാല അല്‍ റംസാനി വ്യക്തമാക്കി.
ഫെസ്റ്റിവല്‍ അവസാനിക്കുന്നതുവരെ ഹദദ് മത്സരങ്ങള്‍ നടക്കും. പതിനാറ് ഗ്രൂപ്പുകളായി തിരിച്ചായാണ് മത്സരം. പറക്കുന്ന പ്രാവിനെ വേട്ടയാടാനുള്ള ഷഹീന്‍ ഫാല്‍ക്കണിന്റെ കഴിവാണ് മത്സര വിധേയമാക്കുന്നത്. ഓരോ വിഭാഗത്തിലും ഒരു ലക്ഷം ഖത്തര്‍ റിയാലാണ് സമ്മാനമായി നല്‍കുന്നത്. വേഗത്തില്‍ പ്രാവിനെ വേട്ടയാടുന്ന ഫാല്‍ക്കണിന്റെ ഉടമയ്ക്ക് ലക്‌സസ് കാര്‍ സമ്മാനമായി നല്‍കും.
അഞ്ചാമത് അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ആന്റ് ഹണ്ടിങ് ഫെസ്റ്റിവലില്‍ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 2.5 മില്യണ്‍ റിയാലാണ്. ഫാല്‍ക്കണ്‍ സൗന്ദര്യമല്‍സരത്തില്‍ ജേതാവാകുന്നവര്‍ക്ക് ലഭിക്കുന്നത് അഞ്ചു ലക്ഷം ഖത്തര്‍ റിയാലാണ്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മൂന്നുലക്ഷം, രണ്ടുലക്ഷം വീതവും ലഭിക്കും. ഇതിനുപുറമെ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറഞ്ഞിരിക്കുന്ന ഇരയെ കണ്ടെത്തുന്ന തലാ മത്സരത്തില്‍ ഒന്നാമതെത്തുന്നവര്‍ക്ക് മൂന്നുലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നര്‍ക്ക് രണ്ടു ലക്ഷം, ഒരുലക്ഷം വീതവും നല്‍കും. ഇതിനു പുറമെ ആകര്‍ഷകമായ മറ്റു പല മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജേതാക്കള്‍ക്കായി ഒട്ടനവധി ഖത്തര്‍ റിയാലും ആഡംബര കാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാല്‍ക്കണ്‍ ഫെസ്റ്റില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യത്യസ്തമായ ഒട്ടേറെ അത്ഭുതങ്ങളാണ് ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ഇപ്പോഴത്തെ കാലാവസ്ഥ ഫെസ്റ്റിവലിന് ഏറെ അനുയോജ്യമാണ്. ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ പിന്തുണയോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ പ്രൗഡമായ പാരമ്പര്യം പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
ഫാല്‍ക്കണുകളും മറ്റു പക്ഷികളും ഉള്‍പ്പെട്ട ഖത്തറിന്റെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതില്‍ യുവ സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നത് ബോധ്യപ്പെടുത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ യുവ സമൂഹത്തിന് വലിയ പങ്കുണ്ടെന്നും അതിന് അവര്‍ മുന്‍കൈയെടുക്കണമെന്നും ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ അത്തരം ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നതെന്നും ഫെസ്റ്റിവല്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ലത്തീഫ് അല്‍മിസ്‌നദ് പറഞ്ഞു. മറ്റു ഫാല്‍ക്കണ്‍ ഉടമകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും മികച്ച അവസരമാണ് ഫെസ്റ്റിവല്‍ നല്‍കുന്നത്. ഇതോടനുബന്ധിച്ച് വിവിധ മത്സരപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. അന്താരാഷ്ട്ര തലത്തിലുള്ളവര്‍ പങ്കെടുക്കുന്നത് ഫെസ്റ്റിവലിനെ ഏറെ ശ്രദ്ധേയമാക്കും.
വിനോദ സഞ്ചാര മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ഇത്തവണ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു മാസം നീളുന്ന കലാപരിപാടികളും വിവിധ മത്സരങ്ങളുമാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് അരങ്ങേറുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


