ഖത്തറിലെ കമ്പനികളില്‍ തൊഴിലുടമയും തൊഴിലാളികളും ഉള്‍പ്പെട്ട പൊതു കമ്മിറ്റി

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍നുഐമി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇനിമുതല്‍ മുപ്പത് തൊഴിലാളികളുള്ള എല്ലാ കമ്പനികളിലും തൊഴിലുടമയും തൊഴിലാളികളും ഉള്‍പ്പെട്ട പൊതു കമ്മിറ്റി രൂപികരിക്കും.

ഇത്തരത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റിയിലെ പകുതിയംഗങ്ങളെ തൊഴിലുടമയ്ക്കും ബാക്കി പകുതി അംഗങ്ങളെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുക്കാം. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ തൊഴിലുടമയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തൊഴില്‍ മന്ത്രാലയത്തിനും ഇടനിലക്കാരനായി ഈ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികളുടെ അവകാശവും അന്തസ്സും സംരക്ഷിച്ചുകൊണ്ടാകും കമ്മിറ്റിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി വ്യക്തമാക്കി.

കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം മുപ്പതിനും 20 നും ഇടയിലാണെങ്കില്‍ കമ്മിറ്റിയില്‍ നാല് അംഗങ്ങളും 200 നും 500 നും ഇടയിലാണ് തൊഴിലാളികളെങ്കില്‍ കമ്മിറ്റിയില്‍ ആറ് അംഗങ്ങളും 500 ല്‍ കൂടുതല്‍ തൊഴിലാളികളാണ് ഉളളതെങ്കില്‍ എട്ട് അംഗങ്ങളുമായിരിക്കും കമ്മിറ്റിയില്‍ ഉണ്ടായിരിക്കുക.

ഇതിനുപുറമെ മനുഷ്യക്കടത്ത് തടയാനുള്ള കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ത അതോറിറ്റിയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മിറ്റി. നിലവിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും നിര്‍വചിച്ചുകൊണ്ടുള്ള പുതിയ നിയമവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ ജോലിസമയം, വിശ്രമ സമയം, വേതനത്തോടു കൂടിയ വാര്‍ഷിക അവധി എന്നിവയെല്ലാം നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുറഞ്ഞ വേതന പരിധി നിശ്ചയിക്കാനുള്ള പ്രഖ്യാപനവും മന്ത്രാലയം അടുത്തിടെ നടത്തിയിരുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ മൂന്നാഴ്ചയക്കുള്ളില്‍ തന്നെ സൗജന്യമായി പരിഹരിക്കാനുള്ള പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കാനുള്ള നടപടിയും പ്രാവര്‍ത്തികമാക്കി.

കഫാല സംവിധാനം റദ്ദാക്കിയും വേതന സംരക്ഷണ നിയമം നടപ്പാക്കിയും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ തൊഴില്‍ നിയമം കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്ത് നടപ്പിലാക്കിയത്.

ഖത്തറിനെതെ 2014ല്‍ കൊടുത്ത പരാതി അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐഎല്‍ഒ) അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട തീരുമാനത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related Articles