കിഴക്കന്‍ യുക്രെയ്‌നിലെ വിമതമേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിന്‍

മോസ്‌കോ: യുക്രെയ്‌നില്‍നിന്നും വേര്‍പെടാന്‍ പോരാടുന്ന കിഴക്കന്‍ വിമത മേഖലകളെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ വഴിയൊരുക്കുന്ന നീക്കമാണു പുടിന്റേത്‌. ഉച്ചകോടി ഉള്‍പ്പെടെ യുക്രെയ്ന്‍ പ്രതിസന്ധിയില്‍ പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളെയും വെല്ലുവിളിച്ചാണ് പുടിന്‍ പുതിയ ഉത്തരവില്‍ ഒപ്പിട്ടത്.

ആധുനിക യുക്രയ്‌നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്‌ന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്നും പുടിന്‍ പറഞ്ഞു. ‘യുഎസ് കോളനിയായി യുക്രെയ്ന്‍ മാറി. റഷ്യക്കെതിരായ പോരാട്ടത്തനുള്ള സേനാതാവളമായി യുക്രയ്‌നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രെയ്‌നെ നാറ്റോ ആയുധപ്പുരയാക്കി’ പുടിന്‍ പറഞ്ഞു.

നേരത്തേ, യുദ്ധമൊഴിവാക്കാനും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്ന് നയതന്ത്ര മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഉച്ചകോടി നടത്തരുതെന്ന് യുക്രെയ്‌നും ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top