
പരശുറാം ജയന്തിയുടെ ശുഭദിനം ആഘോഷിക്കുന്ന വേളയിൽ, തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ “മഹാവതാർ പരശുറാം” പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. രാജകുമാര, കെജിഎഫ്, കാന്താര, സലാർ, അടുത്തിടെ എത്തിയ മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥാഖ്യാന ശൈലിയും പുനർനിർവചിച്ച ഹോംബാലെ ഫിലിംസ്, ഈ പാരമ്പര്യം തുടർന്നുകൊണ്ട്, ശക്തമായ ഒരു പുതിയ അധ്യായത്തിലൂടെ തങ്ങളുടെ സിനിമാറ്റിക് വിഷൻ കൂടുതൽ വിപുലീകരിക്കുകയാണ്.
ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ച് കൊണ്ടാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന മഹാവതാർ പരശുരാം, ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. നേരത്തെ, ഹോംബാലെ ഫിലിംസ് തങ്ങളുടെ സ്വപ്ന പദ്ധതിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുകയും, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കിടയിൽ വളരെയധികം ആവേശം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മഹാവതാർ പരശുറാം എന്ന ചിത്രത്തിലൂടെ, മഹത്തായതും ആഴത്തിലുള്ളതുമായ ഒരു കഥപറച്ചിൽ അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട്, ഈ യൂണിവേഴ്‌സ് ഒരു സുപ്രധാനമായ ചുവടാണ് മുന്നോട്ട് വെക്കുന്നത്.
ഒരു ആനിമേറ്റഡ് സിനിമാറ്റിക് യാത്രയായി വിഭാവനം ചെയ്ത ഈ ചിത്രം, അത്യാധുനിക സാങ്കേതികവിദ്യയെ നമ്മുടെ സാംസ്കാരിക വേരുകളുടെ സമ്പന്നതയുമായി സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, കാലാതീതമായ ഇതിഹാസങ്ങൾ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുകയാണ് മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലൂടെ. മഹാവതാർ സിനിമാറ്റിക് യുണിവേഴ്സിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കെ, ഈ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം, ശക്തവും നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയതും അതിശയ കാഴ്ചകൾ സമ്മാനിക്കുന്നതുമായ ചിത്രങ്ങൾ നൽകാനുള്ള ഹോംബാലെ ഫിലിംസിന്റെ പരിശ്രമത്തിലെ മറ്റൊരു നാഴികക്കല്ലിനെ സൂചിപ്പിക്കുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




