കണ്ണൂര്‍: തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടു വരാന്തയില്‍ റീത്ത് വെച്ച നിലയില്‍. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് ഇന്നലെ അര്‍ധ രാത്രിയില്‍ റീത്ത് വച്ചത്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയാണ് സുമേഷ്. കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ റിമാന്റിലാണ്.
ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടില്‍ കണ്ടെത്തിയത്. ഒന്ന് വീടിന്റെ വരാന്തയിലും മറ്റൊന്ന് വീടിന്റെ പുറകിലുമായാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ജില്ലാ പൊലീസ് മേധാവി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കി.
പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ മറ്റൊരു പ്രതിയായ നിജില്‍ ദാസിനെ രണ്ട് ദിവസം മുന്‍പാണ് പിണറായി പാണ്ടികപ്പീടികയില്‍ നിന്നും പൊലീസ് പിടികൂടിയത്. ഒളിവില്‍ പോകാന്‍ ഇയാളെ സഹായിച്ച രേഷ്മ എന്ന അധ്യാപികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




