HIGHLIGHTS : First results at eight Puthupally
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരെന്ന് ഇന്നറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും.
അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും.


14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിന്‍ ലാല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.