മധ്യ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടര്‍മാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള തീരത്തു പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് (ജൂണ്‍ 26.06.2024) ഓറഞ്ച് അലെര്‍ട്ടും നാളെ (27.06.2024) കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റഡാര്‍ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ പരമാവധി 45 – 55 കിലോമീറ്റര്‍ വരെ വേഗതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണം.
കഴിഞ്ഞ 24 മണിക്കൂറില്‍ ഈ വര്‍ഷത്തെ കാലവര്‍ഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ ഇന്ന് (26 ജൂണ്‍) രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റര്‍ മഴ). ജില്ലകളില്‍ കോട്ടയം ജില്ലയില്‍ ശരാശരി 103 മില്ലിമീറ്റര്‍ മഴയും വയനാട് (95.8 മില്ലിമീറ്റര്‍), കണ്ണൂര്‍ (89.2 മില്ലിമീറ്റര്‍) കാസര്‍ഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ (199 മില്ലിമീറ്റര്‍) ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റര്‍) മഴ രേഖപ്പെടുത്തി.
കേരളതീരത്തു ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന അറിയിപ്പും നിലനില്‍ക്കുന്നുണ്ട്.കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമണ്‍ സ്റ്റേഷന്‍ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷന്‍ (മണിമല നദി) എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന്‍ (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന്‍ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന്‍ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അരുവിക്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പാംബ്ലാ, പെരിങ്ങല്‍കൂത്ത് എന്നി ഡാമുകളില്‍ നിന്നും മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന – ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളും താലൂക്കുതല കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ആരക്കോണം നാലാം ബറ്റാലിയന്റെ നേതൃത്വത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ (NDRF) 9 ടീം നെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്ലാണ് സേനയെ വിന്യസിച്ചത്.
ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. മലയോരമേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.ജല വിനോദങ്ങളും വനമേഖലയിലെ ട്രക്കിംഗും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.ബന്ധു വീടുകളിലേക്കോ അധികാരികള്‍ തയ്യറാക്കിയ ക്യാമ്പുകളിലേക്കോ ഇത്തരം സാഹചര്യത്തില്‍ മാറാവുന്നതാണ്.
കാലവര്‍ഷകാറ്റിനു കേരള തീരത്തു മണിക്കൂറില്‍ 45-55 വേഗതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം ഇത്തരം മരങ്ങള്‍ അടിയന്തിരമായി മുറിക്കുന്നതിന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരം നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ അതാത് പ്രദേശങ്ങളില്‍ ആവശ്യമായ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ നടത്തണ്ടതാണ്. ഇതിനായി ജോയിന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരാനും ആവശ്യമായ ചെറുവള്ളങ്ങള്‍, കപ്പിയും കയറും, മഴു തുടങ്ങിയ സാധനങ്ങള്‍ കരുതുകയും വേണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. വിവിധ കുടുംബങ്ങളില്‍ നിന്നായി 36 ആള്‍ക്കാര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ അധികാര പരിധിയിലുള്ള പ്രദേശങ്ങളില്‍ തുടരാനും അത്യാവശ്യമല്ലാത്ത അവധികള്‍ ഒഴിവാക്കാനും നിര്‍ദേശം നല്‍കി. ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനും ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ സഹായങ്ങളുടെ അപേക്ഷകള്‍ പരമാവധി വേഗത്തില്‍ നടപടി പൂര്‍ത്തികരിക്കണം. മഴക്കെടുതിയുടെ സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഡോ. എ കൗശിഗന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
ദുരന്തനിവാരണത്തിന് ജില്ലകള്‍ക്ക് ഒരു കോടി വീതം അനുവദിച്ചു
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം.
അപടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ടെണ്ടര്‍ നടപടി കാത്തുനില്‍ക്കേണ്ടതില്ല. നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.
മഴയെ തുടര്‍ന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍മാര്‍ വിവരിച്ചു. കണ്ണൂരില്‍ 11, കൊല്ലം 53, വയനാട് ഒന്ന്, പാലക്കാട് രണ്ട്, ആലപ്പുഴ 41, ഇടുക്കി 12, തിരുവനന്തപുരം ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലകളിലെ ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സംസ്ഥാന – ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളും താലൂക്കുതല കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.




