Section

malabari-logo-mobile

കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്

HIGHLIGHTS : PSUs profitable even in the covid crisis; Achieved a turnover of `3149 crore

കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. 2019-20 സാമ്പത്തിക വർഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്.
കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ആണ് ഇതിൽ മുൻനിരയിലുള്ളത്. കെഎസ്ഡിപി 2019-20 ൽ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വർഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. കോവിഡ് ആശങ്കയായി കേരളത്തിലെത്തിയ ആദ്യഘട്ടത്തിൽ തന്നെ സാനിറ്റൈസർ നിർമ്മാണത്തിൽ സ്ഥാപനം ശ്രദ്ധയൂന്നി. വിപണിയിടപെടലിലൂടെ സാനിറ്റൈസറുകളുടെ വില നിർണയത്തിൽ നിർണായക പങ്കുവഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും സ്‌കൂളുകൾ വീണ്ടും തുറന്നപ്പോഴും സാനിറ്റൈസർ വിതരണം ചെയ്തതും കെഎസ്ഡിപിയാണ്. കോവിഡ് രോഗനിർണയം നടത്തുന്നതിന്  സ്വാബ് ശേഖരിക്കുന്ന എക്‌സാമിനേഷൻ ബൂത്ത്, സ്വാബ് കലക്ഷൻ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്‌ക് ഡിസ്പോസൽ ബിൻ എന്നിവയുടെ നിർമാണവും ആരംഭിച്ചു. പാരസെറ്റമോൾ മാത്രം നിർമ്മിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്കുകൾ, ഇഞ്ചക്ഷൻ മരുന്നുകൾ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ എന്നിവ നിർമ്മിക്കുന്നു.
‘ബ്രേക്ക് ദി ചെയിൻ’ ക്യാംപയിനിന്റെ ഭാഗമായി ചെലവ് കുറഞ്ഞ രീതിയിൽ ഹാൻഡ് സാനിറ്റൈസർ ഉൽപ്പാദിപ്പിച്ച് ട്രാവൻകൂർ ടൈറ്റാനിയവും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തനതായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘ടൈ – സെക്യൂർ’ എന്ന പേരിൽ ഹാൻഡ് സാനിറ്റൈസറും ലിക്വിഡ് സോപ്പും വാഷ്റൂം ലോഷനും വിപണിയിൽ എത്തിച്ചു. ദിനംപ്രതി അയ്യായിരം ലിറ്റർ വരെ ഉത്പ്പാദന ശേഷിയിൽ ഹാൻഡ് സാനിറ്റിസർ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. കമ്പനിയിലെ ഉപോത്പ്പന്നമായ ചുവന്ന ജിപ്‌സം ഉപയോഗിച്ച് കടൽക്ഷോഭം തടയാൻ നിർമ്മിച്ച ബ്ലോക്കുകൾ പുതിയ പ്രതീക്ഷയാണ്. റെയിൽവെ പ്ലാറ്റ്‌ഫോം, റോഡ്, വീട് നിർമ്മാണം എന്നിവയ്ക്ക് ഉപയോഗയോഗ്യമായ രീതിയിൽ ഇവ വികസിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
നവീകരണ പ്രവർത്തനങ്ങളിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാനുള്ള ദീർഘകാല പദ്ധതിയാണ് ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) വിഭാവനം ചെയ്തിരിക്കുന്നത്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷൻ’ നടപ്പാക്കി. 70 ടൺ ഉത്പ്പാദന ശേഷിയുള്ള പുതിയ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതോടെ പുറത്ത് നിന്ന് ഓക്സിജൻ വാങ്ങുന്നതിനുള്ള വലിയ ചെലവാണ് ഒഴിവായത്. മെഡിക്കൽ ഓക്സിജൻ വിതരണവും ഇതോടൊപ്പം സാധ്യമായി. കോവിഡ് കാലത്ത് ആരോഗ്യമേഖലയ്ക്ക് വലിയ ആശ്വാസമാകുന്നതായിരുന്നു പദ്ധതി. അസംസ്‌കൃത വസ്തുവായ കരിമണൽ കണ്ടെത്താൻ തോട്ടപ്പള്ളിയിൽ നിന്നടക്കം മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകി. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുന്നതോടൊപ്പം കുട്ടനാട് മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുക കൂടി ചെയ്ത നിർണായക തീരുമാനമായിരുന്നു അത്. ഫിൽട്ടർ-ഡ്രൈയിംഗ് പ്രക്രിയയ്ക്കാവശ്യമായ പുതിയ പ്ലാന്റ് നിർമ്മാണം ആരംഭിച്ചു. ആസിഡ് റീ ജെനറേഷൻ പ്ലാന്റടക്കം ബൃഹത്തായ പദ്ധതികളും പരിഗണനയിലുണ്ട്.
കൊച്ചി, നാഗ്പൂർ, ചെന്നൈ നഗരങ്ങളിലെ സ്മർട്ട് സിറ്റി പദ്ധതിയിൽ പങ്കാളിയായതിലൂടെ കെൽട്രോണും നേട്ടത്തിന്റെ പാതയിലാണ്. ഫിഷറീസ് വകുപ്പിന് നാവിക് ഉപകരണങ്ങൾ, നാവികസേനയ്ക്കായി എക്കോ സൗണ്ടർ, വില കുറഞ്ഞ ഹിയറിങ് എയ്ഡുകൾ എന്നിവ നിർമ്മിക്കുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ആഭ്യന്തര സുരക്ഷാ പദ്ധതിയും നടപ്പാക്കുന്നു. എയ്റോസ്പെയ്സ് പദ്ധതികൾക്കു വേണ്ടിയുള്ള ക്ലീൻ റൂമും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിർമ്മിക്കാനുള്ള സൗകര്യവും കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ സജ്ജമായിട്ടുണ്ട്. മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മലബാർ സിമന്റ്സ് ലാഭത്തിലായി. 1.2 കോടി ലാഭം നേടിയ സ്ഥാപനം ആറ് കോടിയുടെ പ്രവർത്തന ലാഭവും നടപ്പ് സാമ്പത്തിക വർഷം കൈവരിച്ചു.
ആധുനിക വ്യവസായങ്ങൾക്കൊപ്പം പരമ്പരാഗതമേഖലയും വളർച്ചയുടെ പാതയിലാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളും കഴിഞ്ഞ നവംബറിൽ പ്രവർത്തന ലാഭം കൈവരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രവർത്തനലാഭം നേടി. നവംബറിൽ ലാഭവും സ്വന്തമാക്കി. കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, പിണറായി ഹൈടെക് വീവിങ്ങ് മിൽ എന്നിവിടങ്ങളിൽ ഉൽപ്പാദനം ആരംഭിച്ചത് മേഖലയ്ക്ക് ശക്തി പകർന്നിട്ടുണ്ട്.  മലബാർ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽസ്, മാൽകോടെക്‌സ്, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ എന്നിവിടങ്ങളിൽ നിന്ന് നൂൽ കയറ്റുമതിയും നടക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാസ്‌ക് നിർമ്മാണങ്ങളിൽ കെഎസ്ടിസി മില്ലുകൾ പങ്കാളികളായി.
അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഫെറസ് ഫൗണ്ടറി നിർമ്മാണശാല ഓട്ടോകാസ്റ്റ് പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ചരക്ക് തീവണ്ടികൾക്കായുള്ള കാസ്നബ് ബോഗികൾ ഉത്തര റെയിൽവേയ്ക്കായി നിർമ്മിച്ചു നൽകി. മാരുതിയുടെ ആവശ്യത്തിനുള്ള  ബ്രേക്ക് ഓർഡറും ഓട്ടോകാസ്റ്റിന് നൽകി. തദ്ദേശീയ നാവിഗേഷൻ സംവിധാനമായി ഐആർഎൻഎസ്എസ് അടിസ്ഥാനമാക്കി വാഹന ട്രാക്കിങ് സംവിധാനം യുണൈറ്റഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആസ്തി ഇല്ലാതായി പ്രതിസന്ധിയിലായിരുന്ന ടിസിസി, 2019-20 ൽ 55.87 കോടി ലാഭം നേടി. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോൺസെൻട്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവ തുടങ്ങി. കാസ്റ്റിക് സോഡ കയറ്റുമതിയും ആരംഭിച്ചു.
കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ആരംഭിച്ച കേരളാ നീം ജി  ഇലക്ട്രിക് ഓട്ടോയ്ക്ക് നല്ല പ്രചാരമാണ് ലഭിക്കുന്നത്. നേപ്പാളിലേക്ക് 33 ഇ-ഓട്ടോകൾ കയറ്റുമതി ചെയ്തതിനു പിന്നാലെ എല്ലാ ജില്ലകളിലും ഷോറൂം തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ ലിഥിയം ടൈറ്റാനേറ്റ് ബാറ്ററി ഉൽപ്പാദിപ്പിക്കാനുള്ള ബൃഹദ്പദ്ധതി ഉടൻ തുടങ്ങും. കെൽ ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോർ നിർമ്മാണത്തിലേക്കും കടക്കുകയാണ്. ഇ- സ്‌കൂട്ടർ, ഇ-ഗുഡ്സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയും കെഎഎൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ ഡീസൽ ഇന്ധനത്തിൽനിന്ന് എൽ എൻ ജിയിലേക്ക് മാറാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നതാണ് ഈ മാറ്റം. കെ എം എം എൽ, കുണ്ടറയിലെ കേരള സെറാമിക്‌സ് എന്നിവയുടെ പ്രവർത്തനം എൽ എൻ ജിയിലേക്കു മാറ്റി. ഓട്ടോകാസ്റ്റ് ലിമിറ്റഡ് പ്രവർത്തനങ്ങൾക്കായുള്ള വൈദ്യുതി ഉൽപ്പാദനത്തിനായി സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി ആരംഭിച്ചു.
കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ആവേശത്തോടെ പങ്കാളികളായി.  42 സ്ഥാപനങ്ങളിലായി 259.53 ഏക്കർ ഭൂമിയാണ് കൃഷി യോഗ്യമായി ഉള്ളത്. ഇതിൽ 150.325 ഏക്കർ സ്ഥലത്ത് കൃഷി നടക്കുന്നു. വിളവെടുപ്പ് നടത്തിയ 21 സ്ഥാപനങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കൃഷിയിൽ നിന്നുള്ള വരുമാനം. ആദ്യ ഘട്ടത്തിൽ കൃഷി പൂർത്തിയാക്കിയ സ്ഥാപനങ്ങൾ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!