
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയൻ 2025-26 സംഘടിപ്പിച്ച വാർഷിക ഫൈൻ ആർട്സ് ഫെസ്റ്റ് ‘കജ്‌റ’ (Kajra) സമാപിച്ചു. ‘കലയിലേക്കൊരു ഹിജ്‌റ’ എന്ന പ്രമേയത്തിൽ ഡിസംബർ 15-ന് ആരംഭിച്ച ഈ കലാമാമാങ്കത്തിന് ജനുവരി 8-ന് നടന്ന വർണ്ണാഭമായ സമാപന ചടങ്ങോടെ തിരശ്ശീല വീണു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ തുടർച്ചയായ മൂന്നാം തവണയും കിരീടം നിലനിർത്തി ഹിസ്റ്ററി വിഭാഗം അപൂർവ്വ നേട്ടം സ്വന്തമാക്കി. 150 പോയിന്റുകൾ നേടിയാണ് ഹിസ്റ്ററി വിഭാഗം വീണ്ടും ജേതാക്കളായത്.
അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത മത്സരങ്ങൾക്കൊടുവിൽ 142 പോയിന്റുകളുമായി ഫിസിക്സ് വിഭാഗം രണ്ടാം സ്ഥാനവും 101 പോയിന്റുകളുമായി ഇക്കണോമിക്സ് വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് പ്രധാന വിഭാഗങ്ങളുടെ പോയിന്റ് നില ഇപ്രകാരമാണ്: കെമിസ്ട്രി (97), ഇംഗ്ലീഷ് (95), മാത്സ് (62), ബി.ബി.എ (51), ബോട്ടണി (51).
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിന് ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് അൻഷിഫ് സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർമാൻ അഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊഫസർ ഷിബിനു എസ് ഉദ്ഘാടനം ചെയ്തു. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. മുജീബ് റഹ്മാൻ പി, യൂണിയൻ അഡൈ്വസർ അബ്ദുൽ സമദ് കെ, ഫൈൻ ആർട്സ് ഡയറക്ടർ മുഹമ്മദ് ഹസീബ് എൻ, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ജെസിൻ താജ്, ഓഫീസ് സൂപ്രണ്ട് മുജീബ് റഹ്മാൻ കാരി, സ്റ്റാഫ് എഡിറ്റർ മുഹമ്മദ് ഷരീഫ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിയൻ വൈസ് ചെയർപേഴ്സൺ ഫാത്തിമ സെബ കൃതജ്ഞത രേഖപ്പെടുത്തി.
ഐക്യുജിറ്റ (IQJITA) സ്പോൺസർ ചെയ്ത ഡിജിറ്റൽ ഫെസ്റ്റ് പ്ലാറ്റ്‌ഫോം വഴി തത്സമയ ഫലങ്ങൾ ലഭ്യമാക്കിയത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി. ദയൻ, ഷാമിൽ എന്നിവർ ചേർന്നാണ് ഈ നൂതന സംവിധാനം ഒരുക്കിയത്. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




