താനൂര്‍:നന്നമ്പ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള വാഹനം മാലിന്യ കൂമ്പാരത്തില്‍ തള്ളിയതില്‍ ജനകീയ പ്രതിഷേധം. സിപിഐ എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
കുണ്ടൂര്‍ ഓട് കമ്പനി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സിപിഐ എം താനൂര്‍ ഏരിയ കമ്മിറ്റി അംഗം കെവിഎ കാദര്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷനായി.
നന്നമ്പ്ര പഞ്ചായത്ത് അംഗം പി ഷാഹുല്‍ ഹമീദ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, വി കെ ഹംസ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ ഗോപാലന്‍ സ്വാഗതവും സി ഷാഫി നന്ദിയും പറഞ്ഞു.
പഞ്ചായത്തില്‍ പുതിയ വാഹനം വാങ്ങിയതിനെ തുടര്‍ന്ന് പഴയ വാഹനം കൊടിഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നല്‍കാമെന്ന് സര്‍ക്കാരില്‍ അറിയിച്ചാണ് മാലിന്യ കേന്ദ്രത്തില്‍ തള്ളിയത്. ബുധനാഴ്ച രാവിലെയാണ് നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം കൊടിഞ്ഞിയില്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പഞ്ചായത്ത് ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന താത്കാലിക ഷെഡ്ഡില്‍ ടാര്‍പോളിന്‍ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.
നിലവില്‍ പാലിയേറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനും മറ്റും കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തകര്‍ വാഹനം വാടകക്കെടുത്താണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ ഇന്ധന ചെലവും, ഡ്രൈവറെയും, വാഹനത്തിനുണ്ടാകുന്ന അറ്റകുറ്റ പണികളുടെയും പൂര്‍ണ്ണ ചെലവും ഉത്തരവാദിത്വവും പഞ്ചായത്ത് ഏറ്റെടുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആവശ്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നന്നമ്പ്ര ലോക്കല്‍ ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ്, നികുതി എന്നിവയുടെ കാലാവധി പൂര്‍ത്തിയാകാത്ത വാഹനമാണ് പഞ്ചായത്ത് ഭരണ സമിതിയുടെയും അധികൃതരുടെയും ഒത്താശയോടെ മാലിന്യത്തില്‍ തള്ളിയിരിക്കുന്നത്. 2019 – 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ആവശ്യങ്ങള്‍ക്കായി വാങ്ങിയ ട്രാക്ടറുകളിലൊന്നും പരിസരത്ത് കാടുമൂടിയ നിലയില്‍ ഉപേക്ഷിച്ചിട്ടുണ്ട്.




