സാന്ദ്ര തോമസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ലിസ്റ്റിന്‍ കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ലിസ്റ്റിന്റെ പരാതി. രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരമാണ് ലിസ്റ്റിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയിലെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നെല്ലാമാണ് സാന്ദ്ര നേരത്തെ ലിസ്റ്റിനെതിരെ ആരോപിച്ചത്. വട്ടി പലിശക്കാരുടെ ഏജന്റായി ലിസ്റ്റിന്‍ പ്രവര്‍ത്തിക്കുകയാണെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സാന്ദ്രയ്ക്കെതിരെ ലിസ്റ്റിന്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സാന്ദ്രയ്ക്കെതിരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ സംഘടനയും മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.

മലയാള സിനിമയിലെ ഒരു നടനെക്കുറിച്ച് പൊതുവേദിയില്‍ വച്ച് ലിസ്റ്റിന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നടന്റെ പേരെടുത്ത് പറയാതെയായിരുന്നു ലിസ്റ്റിന്റെ വിവാദ പരാമര്‍ശം. ഇതിനോട് പ്രതികരിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് സാന്ദ്ര ലിസ്റ്റിനെതിരെ ആരോപണം ഉന്നയിക്കുന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയായ ലിസ്റ്റിന്‍ മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണെന്നും അത് സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് സാന്ദ്ര പറഞ്ഞത്.

”മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു.” എന്നായിരുന്നു സാന്ദ്ര പറഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top