പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ സിനിമ നിര്‍മ്മാണകമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

കൊച്ചി: സിനിമാ നിര്‍മാണക്കമ്പനികളില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ സിനിമ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആണ് ആദായനികുതി ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറര്‍ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാന്‍ മൂവരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് പിടിക്കുമെങ്കിലും നിര്‍മാതാക്കള്‍ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും.

താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top