കൊച്ചി: കോവിഡ് കാലത്ത് ചലച്ചിത്ര മേഖലയിലെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് സഹായമാകാന്‍ ഫെഫ്ക രൂപീകരിച്ച കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് സഹായവുമായി നടന്‍ പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നല്‍കിയിരിക്കുന്നത്.
ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞദിവസം ഫെഫ്ക ബൃഹത്തായ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ധനസഹായം, കോവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി.
അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അയക്കേണ്ടത്.




