Section

malabari-logo-mobile

പ്രധാനമന്ത്രി എത്തില്ല;ആലപ്പുഴ ബൈപ്പാസ് 28 ന് നാടിന് തുറന്നുകൊടുക്കും

HIGHLIGHTS : The Prime Minister will not come; the Alappuzha bypass will be opened on the 28th

തിരുവനന്തപുരം: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. ഈ മാസം 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമര്‍പ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്കും, സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ ആലപ്പുഴ എം.പി എ.എം.ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

കഴിഞ്ഞ നവംബര്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കത്ത് വന്നിരുന്നു.
2 മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാല്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയാണ് ബൈപ്പാസ് സമര്‍പ്പിക്കുന്നത്.
6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന കേരളത്തിലെ ആദ്യത്തെ മേല്‍പ്പാലം.
അതി സുന്ദരമായ ഒരു മത്സ്യകന്യകാ ശില്‍പ്പം പോലെ ആലപ്പുഴ ബീച്ചിന്റെ സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മണലാരണ്യത്തിനു മീതെ അലസലാസ്യ ഭംഗിയിലങ്ങിനെ നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസ് .
കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യ വല്‍കരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണ്.
കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചിലവഴിച്ചു.
നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം പോലെ. ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്.
അടുത്ത മെയ് മാസത്തില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ഇ.ശ്രീധരനാണ് അതിന്റെ മേല്‍നോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വന്‍കിട പാലങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതെന്നും മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!