പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്; ഇന്തൊനീഷ്യന്‍ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പില്‍ ‘ഇന്ത്യയില്ല’

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനക്കുറിപ്പില്‍ ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നടക്കുന്ന 20-ാമത് ആസിയാന്‍ – ഇന്ത്യ ഉച്ചകോടിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ ഇന്ത്യ എന്ന് പേര് ഭാരത് എന്നാക്കുമെന്ന ആരോപണം കൂടുതല്‍ ശക്തമായി. ഇത്തരത്തിലുള്ള കുറിപ്പില്‍ സാധാരണ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്തുക.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇന്ത്യ എന്നതില്‍ നിന്ന് ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. ഇരുപതാമത് ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയില്‍ എത്തും. 6, 7 തീയതികളില്‍ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സമ്മേളനം. ആസിയാന്‍ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്.

മോദിയുടെ ദക്ഷിണാഫ്രിക്കന്‍, ഗ്രീസ് സന്ദര്‍ശനങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിന് പകരം പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ നടത്തിയ പരാമര്‍ശമാണ് ‘ഭാരത്’ എന്ന പേരിലുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

രാജ്യത്തിന്റെ പേരുമാറ്റം ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കി രേഖകളില്‍ ചേര്‍ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top