പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി കാറില്ല, വീടില്ല, ഓഹരിയുമില്ല; കൈയ്യിലും ബാങ്കിലും പണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം പത്രികയില്‍ വെളിപ്പെടുത്തി. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 ലെ പത്രികയില്‍ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയില്‍ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു. 2024 ലെത്തിയപ്പോള്‍ ആസ്തിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശം 2.67 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. നാല് സ്വര്‍ണ മോതിരങ്ങളാണ് ഇവ. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ല്‍ 7.61 ലക്ഷം രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിന് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്. ഇതിന് പുറമെ 2.85 കോടി രൂപയുടെ സ്ഥിര നിക്ഷേപം ബാങ്കിലുണ്ടെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രിയുടെ കൈവശം വീടോ കാറോ ഓഹരിയോ ഇല്ല. തന്റെ ഭാര്യ യശോദ ബെന്‍ എന്ന് പത്രികയില്‍ രേഖപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ദില്ലി സര്‍വകലാശാലയില്‍ നിന്ന് 1978 ല്‍ ബിരുദം നേടിയെന്നും അവകാശപ്പെടുന്നു. ഗുജറാത്ത് ബോര്‍ഡ് എസ്എസ്സി പരീക്ഷ 1967 ല്‍ പാസായതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്ന് ശമ്പളവും ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശയുമാണ് തന്റെ വരുമാനമായി അദ്ദേഹം രേഖപ്പെടുത്തിയത്. തന്റെ പേരില്‍ ക്രിമിനല്‍ കേസില്ലെന്നും സര്‍ക്കാരിന് ഒരു രൂപ പോലും നല്‍കാനില്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കുന്നു. ഇത് മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുന്നത്. 2014 ലും 2019 ലും മണ്ഡലത്തില്‍ അദ്ദേഹം വന്‍ വിജയം നേടിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. 2019 ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 3,71,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിലെ വോട്ടെടുപ്പ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top