നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമത്തിനു കേസ്

കോഴിക്കോട്: വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പാണ് സംഭവം നടന്നത്. വീട് കാണല്‍ ചടങ്ങിനായി മെയ് 11 ന് കോഴിക്കോട്ടെ വീട്ടിലെത്തിയ തന്റെ മാതാപിതാക്കളോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലൊന്നില്‍ രാത്രി 1 മണിയോടെയാണ് മര്‍ദ്ദനം നടന്നത്. വീട്ടില്‍ ഈ സമയത്ത് രാഹുലിന്റെ അമ്മയും സുഹൃത്തും ഉണ്ടായിരുന്നു. എന്നാല്‍ ആരും ഇടപെട്ടില്ലെന്ന് യുവതി പറയുന്നു. 150 പവനും കാറുമായിരുന്നു സ്ത്രീധനമായി രാഹുല്‍ ആവശ്യപ്പെട്ടത്. ഗുരുതരമായ കുറ്റകൃത്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും യുവതി ചൂണ്ടികാട്ടി.

ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആദ്യം പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പരാതിയില്‍ പറയുന്ന പോലെയുള്ള അതിക്രമങ്ങള്‍ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂവെന്നായിരുന്നു പന്തീരാങ്കാവ് പൊലീസിന്റെ നിലപാട്. പ്രതിക്കെതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ജര്‍മ്മനിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനിയീറാണ് പ്രതിയായ രാഹുല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top