‘മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി തമാശ പറയുന്നു’; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി ലോക്സഭയില്‍ രണ്ട് മണിക്കൂറുകളോളം സംസാരിച്ച പ്രധാനമന്ത്രി, രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ”മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ല. കലാപം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് രണ്ട് ദിവസം മതി. എന്നാല്‍ അത് ചെയ്യാന്‍ സൈന്യത്തിനോട് നിര്‍ദേശിക്കുന്നില്ല. മണിപ്പൂര്‍ കത്താന്‍ പ്രധാനമന്ത്രി അനുവദിച്ച് കൊടുക്കുകയാണ്. പാര്‍ലമെന്റിലെ ഇന്നലത്തെ വിഷയം താനോ കോണ്‍ഗ്രസോ ആയിരുന്നില്ല, മണിപ്പൂര്‍ മാത്രമായിരുന്നു. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ മോദി മടിക്കുകയാണ്. മണിപ്പൂര്‍ ഇപ്പോള്‍ ഒന്നല്ല, രണ്ട് സംസ്ഥാനമായി വിഭജിക്കപ്പെട്ടു ” – രാഹുല്‍ ആരോപിച്ചു.മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ചുള്ളത് തെറ്റായധാരണയാണെന്നും ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴാന്‍ പാടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാത്തതിന് കാരണം എന്താണെന്ന് അറിയാം, എന്നാല്‍ അതുപറയാന്‍ താത്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമര്‍ശനം. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

മണിപ്പൂരില്‍ കണ്ടതും കേട്ടതും താന്‍ മുന്‍പ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരില്‍ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന സാഹചര്യത്തിലല്ല താന്‍ പറഞ്ഞത്. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂര്‍ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തന്റെ പ്രസംഗത്തിലെ ചില വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തത് നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ,മോദി ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായി മാത്രം മാറിയാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഭാരത് മാതാ എന്ന വാക്ക് പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. മോദി 2024 ഇല്‍ പ്രധാനമന്ത്രി അകുന്നോ ഇല്ലയോ എന്നതല്ല കാര്യം. മണിപ്പൂരില്‍ കലാപം നടക്കുകയാണ്. ആയുധങ്ങള്‍ കൊള്ളയടിച്ചു. ഇത് നടക്കട്ടെയെന്നാണോ അമിത് ഷാ പറയുന്നത്? ഭരണപക്ഷം രാജ്യത്തിന് തീയിടുന്നു, കൊല, കൊലപാതകി തുടങ്ങിയ വാക്കുകളാണ് നീക്കം ചെയ്തത്. പ്രധാനമന്ത്രിയും അമിത് ഷായും മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന് താന്‍ പറഞ്ഞത് വെറുതെയല്ലെന്നും രാഹുല്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top