വഖഫ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി. വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു.

മലപ്പുറം, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎന്‍യു സര്‍വകലാശാലയില്‍ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും.

കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയത്.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top