കോട്ടയം:സെപ്റ്റംബര്‍ അഞ്ചിനുനടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികും അറിയിച്ചു. കളക്ട്രേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചാണ് നടക്കുക.
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം സെപ്റ്റംബര്‍ നാലിന് (തിങ്കളാഴ്ച) രാവിലെ ഏഴിന് സ്വീകരണ-വിതരണകേന്ദ്രമായ കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി. പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്.
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനമുണ്ട്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വെള്ളിയാഴ്ച്ച രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




