Section

malabari-logo-mobile

പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കം;നിലമ്പൂരിലും വാഴക്കാടും ഫൈബര്‍ വള്ളങ്ങളെത്തി

HIGHLIGHTS : Preparations for flood relief operations താനൂര്‍, പരപ്പനങ്ങാടി,പാലപ്പെട്ടി, വെളിയങ്കോട് മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ വള്ളവുമായി എത്തിയിട...

മലപ്പുറം: പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫൈബര്‍ വള്ളങ്ങള്‍ എത്തിച്ചുതുടങ്ങി. വള്ളങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ മത്സ്യതൊഴിലാളികളും പരിശീലനം ലഭിച്ച റെസ്‌ക്യൂ ഗാര്‍ഡുമാരും എത്തിയിട്ടുണ്ട്. നിലമ്പൂര്‍, വാഴക്കാട് പ്രദേശങ്ങളിലാണ് ബോട്ടുകളെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളെത്തിക്കുന്നതിന് വലിയ പ്രയാസം നേരിട്ടതിനാലാണ് ഇത്തവണ നേരെത്തെ ബോട്ടുകളെത്തിക്കുന്നത്. ജില്ലയിലെ മത്സ്യതൊഴിലാളികളില്‍ നിന്നും മറ്റുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന കണ്ടെത്തിയ ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഒരേ സമയം പതിനഞ്ച് പേര്‍ക്ക് കയറാവുന്ന നാല് ഫൈബര്‍ ഡിങ്കി ബോട്ടുകളും നാലു പേര്‍ക്ക് കയറാവുന്ന മൂന്ന് ബോട്ടുകളും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ മുഖേന 12 ബോട്ടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്.

നിലമ്പൂരിലേക്കുള്ള ഫീഷറീസ് വകുപ്പിന്റെ 12 ഫൈബര്‍ വള്ളങ്ങളില്‍ അഞ്ച് വള്ളങ്ങള്‍ ഇന്ന് പുലര്‍ച്ചെ രണ്ടിന് എത്തിയിട്ടുണ്ട്. വലിയ ലോറികളിലായാണ് ബോട്ടുകള്‍ എത്തിച്ചിട്ടുള്ളത്. ഒരു ബോട്ട് പോത്തുകല്ലിലും എടക്കരയിലും ബാക്കി മൂന്നെണ്ണം നിലമ്പൂര്‍ ടി.ബിപരിസരത്തുമാണ് എത്തിച്ചിട്ടുള്ളത്. ബാക്കി ഏഴ് ബോട്ടുകള്‍ ഉടന്‍ നിലമ്പൂരിലെത്തും. ഏഴ് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് ബോട്ടുകള്‍ക്കുള്ളത്. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് കടല്‍ രക്ഷാ പ്രവര്‍ത്തനം, എഞ്ചിന്‍ പ്രവര്‍ത്തനം, പ്രാഥമിക ശ്രുശൂഷ എന്നിവയില്‍ 15 ദിവസത്തെ സൗജന്യ പരിശീലനം പൂര്‍ത്തിയാക്കിയ 13 റെസ്‌ക്യൂ ഗാര്‍ഡുമാരും ഒന്‍പത് മത്സ്യത്തൊഴിലാളികളും ബോട്ടുകള്‍ക്കൊപ്പമുണ്ട്.

sameeksha-malabarinews

പൊന്നാനി തീരദേശ പൊലീസിന് ലഭിച്ച മൂന്ന് വലിയ ഫൈബര്‍ വള്ളങ്ങള്‍ നിലമ്പൂരിലേക്കും നാല് ചെറിയ ഫൈബര്‍ വള്ളങ്ങള്‍ വാഴക്കാട്ടും എത്തിക്കും. ഒരു ഫൈബര്‍ വള്ളം ഇന്നലെ വാഴക്കാട് എത്തിയിട്ടുണ്ട്. 10 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ വീതിയിലുമുള്ള വലിയ ഫൈബര്‍ വള്ളത്തില്‍ 25 പേര്‍ക്ക് ഒരേ സമയം കയറാം. ആറ് മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലുമുള്ള ചെറു ഫൈബര്‍ വള്ളത്തില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാന്‍ സാധിക്കും. ഓഖി ദുരന്ത സമയത്ത് ലഭിച്ച ഈ ഫൈബര്‍ വള്ളങ്ങള്‍ കഴിഞ്ഞ വര്‍ഷം എറണാകുളം പറവൂര്‍ മേഖലയിലും വാഴക്കാട്ടും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ട്.

ഓഖി ദുരന്തബാധിതര്‍ക്ക് വള്ളവും എഞ്ചിനും നല്‍കിയ സര്‍ക്കാര്‍ പദ്ധതിയിലൂടെ വളളവും എഞ്ചിനും ലഭിച്ച പൊന്നാനിയിലെ ഒരു മത്സ്യത്തൊഴിലാളിയും സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് ഈ സംഘത്തിനോടൊപ്പമെത്തിയിട്ടുണ്ട്. പാലപ്പെട്ടി, വെളിയങ്കോട്, താനൂര്‍, പരപ്പനങ്ങാടി മേഖലകളിലെ മത്സ്യത്തൊഴിലാളികളും സ്വമേധയാ വള്ളവുമായി എത്തിയിട്ടുണ്ട്. പൊന്നാനിയില്‍ നിന്ന് ഒന്നും വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളില്‍ നിന്ന് മൂന്നും താനൂരില്‍ നിന്ന് രണ്ടും പരപ്പനങ്ങാടിയില്‍ നിന്ന് അഞ്ചും വള്ളങ്ങളാണ് സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ കണ്ടെത്തി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗം അറിയിച്ചു.
പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എ, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!