കല്‍ക്കിയില്‍ കണ്ടത് പ്രഭാസിന്റെ മികച്ച പ്രകടനം; ഇത് വിമര്‍ശനങ്ങള്‍ക്കുള്ള മധുര പ്രതികാരമെന്ന് ആരാധകര്‍

സമീപകാലത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് കല്‍ക്കി കുതിക്കുമ്പോള്‍ ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ച പ്രഭാസിന് ഇത് വിമര്‍ശകര്‍ക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല പ്രഭാസ് കാഴ്ച്ചവച്ചത്. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ പ്രഭാസിന്റെ താരമൂല്യത്തിന് വലിയ ഇടിവ് സംഭവിച്ചിരുന്നു. പൃഥ്വിരാജും പ്രഭാസും മത്സരിച്ച് അഭിനയിച്ച സലാറി’ലൂടെയാണ് പ്രഭാസ് വീണ്ടും തന്റെ ശക്തകമായ തിരിച്ചു വരവ് നടത്തിയത്. ഇപ്പോള്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി എഡി2898 ലൂടെ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി അഭിനയമികവിലൂടെ പറയുകയാണ് പ്രഭാസ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയറ്ററുകളില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി കല്‍ക്കി മുന്നേറുമ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ് പ്രഭാസിന്റെ അഭിനയ മികവ് തന്നെയാണ്. ബാഹുബലിക്ക് ശേഷം താരത്തെ ഇത്ര പ്രസരിപ്പോടെ തിരശീലയില്‍ കണ്ടിട്ടില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം മലയാളി സിനിമാപ്രേമികള്‍ക്കും. ചിത്രത്തിന്റെ ക്ലൈമാക്സിനോട് ചേര്‍ന്ന് താരം കാഴ്ച്ച വെക്കുന്ന പ്രകടനം നാളിതുവരെ കണ്ടതില്‍ നിന്ന് വിഭിന്നമായിരുന്നു. ഇതിഹാസ കഥാപാത്രത്തിന് എന്തുകൊണ്ടും യോജിച്ച താരം പ്രഭാസ് തന്നെയാണെന്ന അഭിപ്രായവും ഇപ്പോള്‍ ഉയരുന്നുണ്ട്.

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്റെ തേരോട്ടമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാസ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 3 ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 415 കോടിയാണ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ 3 ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 220 കോടി രൂപയാണ് കല്‍ക്കി വാരികൂട്ടിയത്.

പ്രേക്ഷകര്‍ ആഗ്രഹിച്ചപോലെയുള്ള അതിഗംഭീര പ്രകടനമായിരുന്നു കല്‍ക്കിയില്‍ താരത്തിന്റേത് എന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ അല്‍പം നിരാശ നല്‍കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ പടമെത്തുമ്പോള്‍ പ്രഭാസിന്റെ മറ്റൊരു മുഖമാണ് വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കുന്നത്. ആദ്യ പകുതിയില്‍ കണ്ട പ്രഭാസ് തന്നെയോ എന്ന് പോലും സംശയിക്കുന്ന രീതിയിലുള്ള അത്യുഗ്രന്‍ പ്രകടനം. ചുരുക്കി പറഞ്ഞാല്‍ രണ്ടാം ഭാഗം പ്രഭാസിന്റെ അഴിഞ്ഞാട്ടം തന്നെയാണ്. താരത്തിന്റെ അഭിനയത്തോടുള്ള പാഷന്‍ മനസിലാക്കിയ നാഗ് പ്രഭാസിനെ ശരിയായ രീതിയില്‍ സിനിമയില്‍ ഉപയോഗപ്പെടുത്തി എന്ന് വേണം പറയാന്‍. കുറ്റമറ്റ തിരക്കഥയുണ്ടെങ്കില്‍ തിരശീലയില്‍ ജീവിച്ചു കാണിക്കുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളായി താരം മാറിയിട്ടുണ്ട്.

ഭാഷാഭേദമന്യേ മികച്ച നടന്‍മാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഒരുപക്ഷേ അല്ലു അര്‍ജുന് ശേഷം മലയാളികള്‍ ഇത്ര കണ്ട് നെഞ്ചിലേറ്റിയ തെലുങ്ക് നടന്‍ പ്രഭാസായിരിക്കും. പ്രഭാസ് ചുവടുറപ്പിച്ചിരിക്കുന്നത് തെലുങ്കിലാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ നെഞ്ചിലേറ്റിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മലയാളികള്‍. അഭിനയമികവുകൊണ്ട് തന്നെ ഇപ്പോള്‍ താരം വീണ്ടും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

Share news
error: Content is protected !!
Scroll to Top