പോലീസ് സേനയില്‍ നിര്‍മിത ബുദ്ധിയടക്കമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയുടെ കഴിവും ശേഷിയും ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധിയടക്കമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടില്‍ പോലീസ് ജില്ലകള്‍ക്കുള്ള ഡ്രോണ്‍ വിതരണം, സോഫ്റ്റ്വെയര്‍ ലോഞ്ചിംഗ് എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവല്‍ക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവണ്‍മെന്റ് നിലപാട്. ഇത്തരത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പോലീസ് സേനയുടെ മികച്ച ചുവടുവെയ്പ്പാണ്.

ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകള്‍ക്കും ടെക്നിക്കല്‍ വിവരങ്ങളുടെ പരിശോധനകള്‍ക്കുമായാണ് കേരള പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചത്. ഡ്രോണുകളുടെ ഉപയോഗിക്കുന്നതോടൊപ്പം ആന്റി ഡ്രോണ്‍ സിസ്റ്റം ഫല പ്രദമായി ഉപയോഗിക്കാനും ഡ്രോണ്‍ ഫോറന്‍സിക് ലാബിന് കഴിയും. പ്രസ്തുത പദ്ധതികളുടെ ഗുണഫലങ്ങള്‍ താഴെ തലത്തിലും എത്തിക്കണം എന്നതിനാലാണ് പോലീസ് ജില്ലകള്‍ക്ക് ഡ്രോണുകള്‍ വിതരണം ചെയ്യുന്നത്. ഡ്രോണ്‍ പറത്തുന്നതിനായി 25 പേര്‍ക്ക് പൈലറ്റ് പരിശീലനവും 20 പേര്‍ക്ക് അടിസ്ഥാന പരിശീലനവും നല്‍കി.

പരിശീലനം ലഭിച്ചവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഈ മേഖലയിലെ അറിവുകള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുകയും വേണം. ഡ്രോണുകളില്‍ നിന്നും ബ്രാന്‍ഡിംഗ് തിരിച്ചറിയല്‍, ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കല്‍, നിര്‍മാണ സവിശേഷതകള്‍ വീണ്ടെടുത്ത് വിശകലനം ചെയ്യല്‍ എന്നിവക്കായാണ് ഡ്രോണ്‍ X എന്ന ഡ്രോണ്‍ ഫോറന്‍സിക് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊണ്ട് മികച്ച ശേഷിയിലേക്കുയരാന്‍ ഓരോ സേനാംഗവും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഡ്രോണ്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ ഡി ജി പി – ഹെഡ്ക്വാര്‍ട്ടേഴ്സ് കെ പദ്മകുമാര്‍ സ്വാഗതം ആശംസിച്ചു. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ പി പ്രകാശ് നന്ദി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top