കോഴിക്കോട്: മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ദുബൈയിലാണ് റിഫ ആത്മഹത്യ ചെയ്തത്. അവിടെവച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയെന്നായിരുന്നു ഭര്‍ത്താവായ മെഹ്നാസ് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്.
മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മെഹ്‌നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിട്ടുള്ളത്.



