Section

malabari-logo-mobile

സ്വിസ് പൂട്ട് തകര്‍ത്ത് പോര്‍ച്ചുഗീസ് പടയോട്ടം; ഹാട്രിക്ക് നേടി റാമോസ്

HIGHLIGHTS : Portuguese invasion by breaking the Swiss lock

ദോഹ: സ്വിസ് പൂട്ട് തകര്‍ത്ത് പോര്‍ച്ചുഗീസ് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. ഇതിഹാസം രചിച്ച മഹാ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് മൂന്ന് ഗോളടിച്ച് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് എത്തുന്ന മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ദക്ഷിണ കൊറിയയോട് തോറ്റതിന്റെ എല്ലാ ക്ഷീണവും ഉപേക്ഷിച്ച് പുത്തന്‍ ഊര്‍ജത്തോടെ പോര്‍ച്ചുഗല്‍ കുതിച്ചു. 17-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ കണ്ടെത്തി. റാമോസ് വിഷമകരമായ ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ട് യാന്‍ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് തെളിയിക്കുകയായിരുന്നു.

sameeksha-malabarinews

ബ്രൂണോ എടുത്ത കോര്‍ണര്‍ ബോക്‌സിന്റെ നടുവിലേക്ക് എത്തുമ്പോള്‍ പ്രായത്തെ പോരാട്ടം കൊണ്ട് തോല്‍പ്പിച്ച പെപ്പെയുടെ പവര്‍ ഹെഡ്ഡറിന് സോമറിനും മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതോടെ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. ഗോള്‍നേട്ടത്തോടെ പെപെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് പെപെ കരസ്ഥമാക്കിയത.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റം ഒന്നും ഉണ്ടായില്ല. 50-ാം മിനിറ്റില്‍ സാന്റോസിന്റെ ചൂണക്കുട്ടികള്‍ മൂന്നാം ഗോളും നേടി. ഒരു സെന്റര്‍ ഫോര്‍വേഡിന് ആവശ്യമായ പ്രതിഭ പൂര്‍ണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിക്കുകയായിരുന്നു. പോര്‍ച്ചുഗല്‍ ഒരിക്കല്‍ കൂടി സോമറെ കീഴടക്കി.

59-ാം മിനിറ്റില്‍ അക്കാഞ്ചിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ആശ്വാസ ഗോള്‍ നേടി. കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ പോര്‍ച്ചുഗലിന് സംഭവിച്ച അബദ്ധത്തില്‍ നിന്നായിരുന്നു ഗോള്‍. ഒരു ഗോള്‍ വന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്ന് ഉണര്‍ന്നെങ്കിലും സമയം അവര്‍ക്ക് മുന്നില്‍ വലിയ തടസമായി.

സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റില്‍ ജോ ഫെലിക്‌സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. ആരവത്തോടെയാണ് കാണികള്‍ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതില്‍ കടന്നില്ല. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോയിലൂടെ ഒരു ഗോള്‍ കൂടെ നേടി പോര്‍ച്ചുഗല്‍ വിജയം ഉറപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!