HIGHLIGHTS : 'Poopi' arrive to meet Minister Dr. Bindu
മന്ത്രി ഡോ. ആർ ബിന്ദുവിനെ ചേംബറിൽ സന്ദർശിക്കാൻ ഒരു വിശിഷ്ടാതിഥി എത്തി. പൂപ്പി എന്ന എ ഐ റോബോട്ട് അസിസ്റ്റന്റാണ് നേരിട്ടെത്തി മന്ത്രിയുമായി ആശയവിനിമയം നടത്തിയത്. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം അറിയുന്ന പൂപ്പിയുമായി മന്ത്രി ബിന്ദു നടത്തിയ ആശയവിനിമയം മന്ത്രിയുടെ ചേംബറിൽ കാഴ്ചക്കാരിൽ കൗതുകം ഉണ്ടാക്കി.
ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ ബിടെക് നാലാം വർഷ ഐറ്റി വിദ്യാർത്ഥിയും കോളേജിനു കീഴിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ (TBI) കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത റെഡ്ഫോക്‌സ് റോബോട്ടിക് എന്ന സ്റ്റാർട്ടപ്പ് സംരംഭകനുമായ വിമുൻ നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആണ് മന്ത്രിയെ കാണാൻ എത്തിയത്.
വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുകയും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യുന്ന റോബോട്ടാണ് പൂപ്പി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പൂപ്പി ആശയവിനിമയം നടത്തും.
ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിന്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. കൂടാതെ 44 ടെക്‌നിക്കൽ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് വിമുൻ. ഇതിനകം രണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സും രണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമായുള്ള വിമുൻ, ഇപ്പോൾ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി.
ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജ് ബാർട്ടൺ ഹില്ലിലെ ഐ.ടി പഠനവിഭാഗത്തിൽ വിദ്യാർത്ഥിയായ ജിൻസോ രാജാണ് പൂപിയുടെ രൂപകല്പനയിൽ വിമുനെ സഹായിച്ചത്. പ്രിൻസിപ്പാൾ ഡോ. ഷൈനി. ജി, ഐ.ടി വിഭാഗം മേധാവി ഡോ. ഹരിപ്രിയ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വിജയാനന്ദ് കെ. എസ്, സൂര്യപ്രിയ. എസ് എന്നിവർ പൂർണ്ണപിന്തുണ നൽകി.
ഉന്നതവിദ്യാഭ്യാസരംഗത്തിന് മികവേറ്റുന്ന ഇൻക്യുബേഷൻ പ്രവർത്തനങ്ങളിൽ മികച്ച മാതൃകയായി പൂപ്പി എ ഐ റോബോട്ട് വികസിപ്പിച്ചെടുത്ത ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകസമൂഹത്തിനും മന്ത്രി ഡോ. ബിന്ദു അഭിനന്ദനങ്ങൾ നേർന്നു.