വേനല്‍ക്കാല ചിത്രങ്ങള്‍ക്കിടയിലെ ആദ്യ വിജയം നേടി ‘പൂക്കാലം’

മലയാള സിനിമയിലെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്ത് 2023ലെ വേനല്‍ക്കാല റിലീസുകളില്‍ ആദ്യ വിജയമായി മാറിയിരിക്കുകയാണ് ‘പൂക്കാലം’. 2016ല്‍ ‘ആനന്ദം’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഗണേഷ് രാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘പൂക്കാലം’. അദ്യ ചിത്രം തന്നെ വന്‍ വിജയമാക്കിക്കൊണ്ട് കരിയര്‍ ആരംഭിച്ച ഗണേഷ് അതിലും മികച്ച ചിത്രം തന്നെ ഒരുക്കണമെന്ന ദൃഢനിശ്ചയത്തോടെ നടത്തിയ തയ്യാറെടുപ്പുകളും കാലതാമസവും ഇന്ന് ഒരു വന്‍ വിജയമായി തന്നെ വീണ്ടും മാറിയിരിക്കുകയാണ്. ഗംഭീര വിജയത്തോടൊപ്പം നിരൂപകര്‍ക്കിടയിലും മികച്ച പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നായകനായ വിജയരാഘവന്റെ കരിയറില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വേറിട്ട രൂപ ഭാവത്തിലുള്ള കഥാപാത്രം പരസ്യങ്ങളിലൂടെ സൃഷ്ടിച്ച കൗതുകം ആദ്യ ദിവസം തന്നെ നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശനം തുടങ്ങാന്‍ കാരണമായത്. തുടരെ രണ്ടാം ദിനവും ആദ്യ ദിവസത്തേക്കാള്‍ ജനത്തിരക്ക് സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് തിയേറ്ററുകളില്‍.

ചിത്രത്തിലെ നായകനും നായികയുമായ വിജയരാഘവന്‍, കെപിഎസി ലീല എന്നീ താരങ്ങളുടെ നൂറ് വയസോളം പ്രായമുള്ള വൃദ്ധ ദമ്പതികളുടെ വേഷങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമായിരിക്കുന്നത്. ആദ്യ ചിത്രം നിര്‍മ്മിച്ച ഗുരുവായ വിനീത് ശ്രീനിവാസന്‍ തന്നെ ഈ ചിത്രത്തിലും പി എല്‍ രവി എന്ന ശക്തമായ വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നൂറുവയസ്സുകാരനായിട്ടുള്ള വിജയരാഘവന്റെ ഞെട്ടിക്കുന്ന പ്രകടനത്തിന് വളരെയധികം നിരൂപക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫ്, അബു സലിം, ജോണി ആന്റണി, റോഷന്‍ മാത്യു, അന്നു ആന്റണി, അരുണ്‍ കുര്യന്‍, ശരത് സഭ, സരസ ബാലുശ്ശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയും കാസ്റ്റ് ആന്‍ഡ് ക്രൂ ഫിലിംസിന്റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

എണ്‍പതുവര്‍ഷത്തിലധികമായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും ദാമ്പത്യജീവിതവും അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ രസകരവും വൈകാരികവുമായ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. സച്ചിന്‍ വാര്യരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് – മിഥുന്‍ മുരളി. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – വിനീത് ഷൊര്‍ണൂര്‍. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചത്. മേക്കപ്പ് – റോണക്‌സ് ക്‌സേവ്യര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top