നിരവധി മോഷണക്കേസിലും കൊലപാതക ശ്രമ കേസിലും പ്രതിയായ യുവാവ് പിടിയില്‍.

പൊന്നാനി: നിരവധി മോഷണ കേസുകളിലും, കൊലപാതക ശ്രമ കേസിലും പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. പുതുപൊന്നാനി സ്വദേശി കൊമ്പന്‍ തറയില്‍ കബീറാണ് പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരിയില്‍ പൊന്നാനി കടവനാട് നടത്തിയ മോഷണത്തിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 20-ന് പുലര്‍ച്ചെ പൊന്നാനി കടവനാട്ടെ വീട്ടില്‍ നിന്നും, മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു ഇതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ലാപ്‌ടോപ്പും 6000 രൂപയും മൂന്ന് മൊബൈല്‍ ഫോണും വാച്ചും കൈവശപ്പെടുത്തിയ മോഷ്ടാവിന്റെ കയ്യില്‍ നിന്ന് അയാളുടെ മൊബൈല്‍ ഫോണ്‍ വീടിനകത്ത് തന്നെ നഷ്ടപ്പെട്ടിരുന്നു. ഇതാണ് അന്വേഷണത്തിന് തുമ്പായത്.

കടവനാട് വെള്ളാനി പവിത്രന്റെ വീട്ടില്‍ നടന്ന മോഷണത്തിനിടെ വീട്ടമ്മ ഒച്ച വെച്ചതോടെയാണ് ധൃതിയില്‍ രക്ഷപെടുത്തുന്നതിനിടെ കള്ളന്റെ ഫോണ്‍ കളഞ്ഞു പോയത്. എന്നാല്‍ വീടിനകത്ത് നഷ്ടമായത് ഇയാള്‍ മോഷ്ടിച്ച മറ്റൊരു മൊബൈലായിരുന്നു. ഈ ഫോണില്‍ നിന്നും മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ച് നേരത്തെ വിളിച്ചതാണ് മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത്.

പൊന്നാനി സി.ഐ.കെ.സി.വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top