Section

malabari-logo-mobile

പൊന്നാനി മത്സ്യബന്ധന തുറമുഖം പ്രയോജനപ്പെടുത്താന്‍ സംവിധാനമൊരുക്കണം: നിയമസഭാ സമിതി

HIGHLIGHTS : പൊന്നാനി: പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കി സ്ഥാപിച്ച പൊന്നാനി മത്സ്യബന്ധന തുറമുഖം മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതി...

Ponnaniപൊന്നാനി: പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കി സ്ഥാപിച്ച പൊന്നാനി മത്സ്യബന്ധന തുറമുഖം മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്‌ സാഹചര്യമൊരുക്കണമെന്ന്‌ മത്സ്യബന്ധന- അനുബന്ധ തൊഴിലാളി ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയര്‍മാന്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പൊന്നാനി താലൂക്ക്‌ സമ്മേളന ഹാളില്‍ നടന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ കമ്മീഷന്‍ ചെയ്‌ത മത്സ്യബന്ധന തുറമുഖം പൂര്‍ണമായും ഉപയോഗ ശൂന്യമായി കിടക്കുന്നതായി സമിതിക്ക്‌ ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ പ്രശ്‌നം ശാസ്‌ത്രീയമായ പഠനം നടത്തി പരിഹരിക്കേണ്ടതാണ്‌. 30 വര്‍ഷം മുമ്പ്‌ തുടങ്ങിയ തുറമുഖങ്ങള്‍ പോലും പണി പൂര്‍ത്തിയാവാതെ കിടക്കുമ്പോള്‍ കമ്മീഷന്‍ ചെയ്‌ത പൊന്നാനി തുറമുഖം മത്സ്യ ബന്ധന സമൂഹത്തിന്‌ പ്രയോജനപ്പെടുത്താനാവാത്തത്‌ ഖേദകരമാണ്‌. പൊതുമുതല്‍ ദുര്‍വിനിയോഗത്തിന്റെ സാക്ഷിയാണ്‌ ഈ തുറമുഖമെന്നും വിഷയം ഗൗരവപൂര്‍ണമായി കണ്ട്‌ സമിതി സംസ്ഥാന സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ആസൂത്രണത്തിലെ പിഴവ്‌ മൂലം മത്സ്യബന്ധന വള്ളങ്ങള്‍ തുറമുഖത്തേക്ക്‌ അടുപ്പിക്കാനാവുന്നില്ലെന്ന്‌ തൊഴിലാളികള്‍ വ്യാപകമായി പരാതിപ്പെട്ടു. തുറമുഖത്തേക്ക്‌ ബോട്ടുകള്‍ കൊണ്ട്‌ വരുന്നത്‌ വള്ളങ്ങള്‍ തകരാനും ഭീമമായ നഷ്‌ടം നേരിടാനും കാരണമാകുന്നു. മത്സ്യ ബന്ധനം സുഗമമാക്കുന്നതിന്‌ സ്ഥാപിച്ച തുറമുഖം വള്ളങ്ങള്‍ വരാതെ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ഇതിന്‌ അടിയന്തര പരിഹാരം വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സിറ്റിങിനു ശേഷം ചെയര്‍മാന്റെ നേതൃത്വത്തില്‍ സമിതി അംഗങ്ങളായ എ.റ്റി ജോര്‍ജ്‌, കെ. കുഞ്ഞിരാമന്‍, ഗീതാ ഗോപി, എന്‍.എ നെല്ലിക്കുന്ന്‌ എന്നിവര്‍ തുറമുഖം സന്ദര്‍ശിച്ചു. ജില്ലാ കലക്‌റ്റര്‍ കെ. ബിജു, അസി. കലക്‌റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍, ആര്‍.ഡി.ഒ കെ. ഗോപാലന്‍, ഫിഷറീസ്‌ നോര്‍ത്ത്‌ സോണ്‍ ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌, ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ വൈ. സൈതു മുഹമ്മദ്‌, തുറമുഖ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എസ്‌. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
നിയമസഭ പാസാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം പാലിക്കാന്‍ ഷെഡ്യൂള്‍ഡ്‌, ദേശസാത്‌കൃത ബാങ്കുകള്‍ തയ്യാറാകാത്ത പ്രശ്‌നത്തില്‍ ഇടപെടുമെന്ന്‌ സമിതി ഉറപ്പു നല്‍കി. കോസ്റ്റല്‍ മാനെജ്‌മെന്റ്‌ സോണ്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കേന്ദ്രത്തിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ 50 മീറ്റര്‍ വരെ അടുത്ത്‌ തൊഴിലാളികള്‍ക്ക്‌ വീട്‌ നിര്‍മിക്കാന്‍ സാധിക്കുമെന്നും കലക്‌റ്റര്‍ ചെയര്‍മാനായ സമിതിക്ക്‌ തന്നെ അതിന്‌ അംഗീകാരം നല്‍കാന്‍ സാധിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. എല്ലാ തീരദേശ മണ്‌ഡലത്തിലും ഒരു പഞ്ചായത്ത്‌ മത്സ്യ ഗ്രാമമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന്‌ ആലോചനയുണ്ടെന്നും ഇതില്‍ പൊന്നാനി ഉള്‍പ്പെടുമെന്നാണ്‌ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മീനാ കുമാരി റിപ്പോര്‍ട്ട്‌ നടപ്പാക്കരുത്‌, ക്ഷേമനിധി ബോര്‍ഡിന്‌ ഫണ്ട്‌ വര്‍ധിപ്പിക്കുക, ഭവന നിര്‍മ്മാണ സഹായം വര്‍ധിപ്പിക്കുക, കടല്‍ഭിത്തി നിര്‍മാണം ത്വരിതപ്പെടുത്തുക, കോഴിക്കോട്‌- പൊന്നാനി തീരദേശ ഹൈവേ നിര്‍മാണത്തിന്‌ മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ കുടിയൊഴിപ്പിക്കുന്നത്‌ പരമാവധി കുറക്കുക തുടങ്ങിയ ശുപാര്‍ശകള്‍ സര്‍ക്കാറിന്‌ സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി.

തൊഴിലാളികളുടെ പരാതികള്‍:
ജില്ലയിലെ മത്സ്യബന്ധന-അനുബന്ധ തൊഴിലാളികളെ ബാധിക്കുന്ന പൊതുവായതും വ്യക്തിഗതമായതുമായ നിരവധി പരാതികള്‍ സമിതി നേരിട്ട്‌ സ്വീകരിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച്‌ സമിതി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ മെല്ലെപ്പോക്കിന്‌ പരിഹാരമുണ്ടാക്കണമെന്നും ഭവന നിര്‍മ്മാണത്തിന്‌ ഇപ്പോള്‍ അനുവദിക്കുന്ന രണ്ട്‌ ലക്ഷം അപര്യാപ്‌തമായതിനാല്‍ അഞ്ച്‌ ലക്ഷമായെങ്കിലും വര്‍ധിപ്പിക്കണമെന്നും ഭവന നിര്‍മ്മാണ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യമുന്നയിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്‌പര്യങ്ങള്‍ക്കെതിരായ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളയുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, 2009ലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ ഭക്ഷ്യ സുരക്ഷയുടെ ആനുകൂല്യം കിട്ടാത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭ്യമാക്കുക, കടലാക്രമണത്തില്‍ വീടും വള്ളവും നഷ്‌ടപ്പെടുന്നവര്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിന്‌ കടലാക്രമണത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുക, കോസ്റ്റല്‍ മാനെജ്‌മെന്റ്‌ സോണ്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുക, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുക, മലബാറിലെ മുസ്‌ലിം പുസ്‌ലാന്‍ വിഭാഗത്തിന്‌ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക, പൊന്നാനിയെയും സമീപ പഞ്ചായത്തുകളെയും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായി പ്രഖ്യാപിക്കുക, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്‌ക്ക്‌ പൊന്നാനി താലൂക്ക്‌ ആശുപത്രിയില്‍ കൂടുതല്‍ ഡോക്‌ടര്‍മാരെ നിയമിക്കുക, ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍, ക്ഷേമനിധി ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക്‌ മാറ്റുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ സമിതി മുമ്പാകെ ഉന്നയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!