ഇത്തവണ പൊന്‍മുണ്ടം കോണ്‍ഗ്രസ് മനസാക്ഷി വോട്ടുചെയ്യും

മലപ്പുറം : പൊന്‍മുണ്ടം കോണ്‍ഗ്രസ് എന്നറിയപ്പെടുന്ന മലപ്പുറും പൊന്‍മുണ്ടത്തെ കോണ്‍ഗ്രസ് വിമതരുടെ കൂട്ടായ്മ ഇത്തവണ മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യും. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇടതുപക്ഷവുമായി പരസ്യമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ വിഭാഗം ഇത്തവണ ആദ്യമായാണ് മറ്റൊരു തീരുമാനത്തിലെത്തുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന പൊന്‍മുണ്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എക്‌സിക്യുട്ടീവ് യോഗമാണ് ഇടതമുന്നണിക്ക് നല്‍കിവന്ന ഏകപക്ഷീയമായ പിന്തുണ എന്ന നിലപാട് ഇത്തവണ വേണ്ടെന്ന തീരുമാനമെടുത്തത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോടൊപ്പം നിന്നത് എല്‍ഡിഎഫിന് ഏറെ ഗുണം ചെയ്തിരുന്നു. താനൂര്‍ നിയോജകമണ്ഡലത്തില്‍ പെട്ടതാണ് പൊന്‍മുണ്ടം. ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹ്മാന് പരസ്യമായ പിന്തുണയാണ് ഇവര്‍ നല്‍കിയത്.

2013ലാണ് പൊന്‍മുണ്ടത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ വലിയൊരു വിഭാഗം പിളര്‍ന്ന് പൊന്‍മുണ്ടം കോണ്‍ഗ്രസ് ഉണ്ടായത്. കോണ്‍ഗ്രസ് നേതൃത്വം മുസ്ലീംലീഗിന് കീഴടങ്ങുന്നെന്നും, തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലീഗ് നല്‍കുന്നില്ലെന്നും ആരോപിച്ചാണ് ഇവര്‍ പാര്‍ട്ടിവിട്ടത്. പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായതോടെ കോണ്‍ഗ്രസ് ജില്ലാനേതൃത്വം ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

മനസാക്ഷി വോട്ടെന്ന് ഇവരുടെ തീരുമാനം കടുത്ത മത്സരം നടക്കുന്ന പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടിക്ക് ഏറെ ആശ്വസം നല്‍കുന്ന വാര്‍ത്തയാണ്‌

Related Articles