Section

malabari-logo-mobile

മാങ്ങാച്ചുന മണമുള്ള , കൊന്നപ്പൂ നിറമുള്ള വേനലവധികള്‍ .

HIGHLIGHTS : കൊന്നകള്‍ പൊന്നണിയുന്ന ഓരോ വേനലും എന്നോടിപ്പോഴും ചോദിക്കുന്നു …. ‘കുറച്ച് പൂ തരുമോ?” എഴുത്ത് : ഷിജു ദിവ്യ കുടുംബത്തില്‍ ഒരമ്മാവനു...

കൊന്നകള്‍ പൊന്നണിയുന്ന ഓരോ വേനലും എന്നോടിപ്പോഴും ചോദിക്കുന്നു …. ‘കുറച്ച് പൂ തരുമോ?”

എഴുത്ത് : ഷിജു ദിവ്യ

കുടുംബത്തില്‍ ഒരമ്മാവനുണ്ടായിരുന്നു. മുതിര്‍ന്ന മനുഷ്യര്‍ പൊതുവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ മടിക്കുന്നൊരു ചിരിയും കുറച്ചു വര്‍ത്തമാനങ്ങളുമൊക്കെയായ് കടന്നുവരുന്നയാള്‍ . കുഞ്ഞുപൊതികളില്‍ നാരങ്ങ മുട്ടായിയോ കരമാക്കരമോ എള്ളുണ്ടയോ ഉണ്ടാവും . അതുകൊണ്ട് എപ്പോ വന്നാലും ഞങ്ങള്‍ കുട്ടികളുണ്ടാവും ചുറ്റും . കഷണ്ടിത്തലയും നരച്ച കുറ്റിത്താടിയുമായി നില്‍ക്കുന്ന അമ്മാവനും ചുറ്റും ഞങ്ങളും ചേര്‍ന്നാല്‍ ‘കുഞ്ഞുണ്ണി മാഷും കുട്ട്യോളും’ എന്ന ബാലപംക്തിയുടെ കവര്‍ ചിത്രം പോലെയായി. മഴക്കാലത്തെ തോട്ടില്‍ കുളി, നീന്തല്‍ പഠനം, ഓണക്കാലത്തെ പൂവിറുക്കാനുള്ള കുമ്പിള്‍ കുത്തല്‍ മുതല്‍ പൂക്കുട കുത്തല്‍ വരെ സകലത്തിലും ഇടപെടുന്ന അമ്മാവന്‍ കൂട്ടത്തിലുള്ള കുട്ടികള്‍ക്ക് ഇരട്ടപ്പേരിടാനും അത് വിളിച്ച് കളിയാക്കാനുമെല്ലാം മിടുക്കനായിരുന്നു. നാടന്‍ റാക്കിന്റെ ചുവപ്പുള്ള കണ്ണും മണമുള്ള വടക്കന്‍ പാട്ടുകളുമായി (ആ നിറവും മണവും എന്താണെന്ന് മനസ്സിലായത് പിന്നേം കുറെക്കാലം കഴിഞ്ഞാണ്) ആ വൈകുന്നേരങ്ങള്‍ക്ക് പ്രത്യേക രസമാണ് .
വിഷുക്കാലമായാല്‍ അമ്മാവനൊത്ത് അമ്പലക്കുന്നിലേക്ക് ഒരു കയറ്റമാണ് . പൊന്നണിഞ്ഞു നില്‍ക്കുന്ന കൊന്നകള്‍ അവയൂരി കയ്യില്‍ത്തരും . ഒപ്പം നാട്ടുമാവുകള്‍ മാങ്ങകളും . പിറ്റേന്ന് കണിവാരാനുള്ള സംഘത്തെയും നയിച്ചേ അമ്മാവന്റെ വിഷുപ്പരിപാടികള്‍ അവസാനിക്കൂ .

വിഷുവിന്റന്ന് ഒരു സഞ്ചി നിറയെ പടക്കവുമായി അങ്ങേരുടെ ഒരു വരവുണ്ട് . കലുങ്കിലിരുന്ന് ഒരു ബീഡിക്ക് തീക്കൊടുക്കും . പിന്നെ ബീഡിയില്‍ നിന്ന് ഓരോരോ പടക്കങ്ങള്‍ക്ക് തീ പകര്‍ന്ന് വലിച്ചെറിയും . ചുറ്റും കൂടുന്ന ഞങ്ങളുടെ കുഞ്ഞുകണ്ണിലെ അത്ഭുതാദരങ്ങള്‍ ഏറിവരും . ഒരിക്കല്‍ ഒരു ബീഡിപ്പടക്കത്തിന് ( മാലപ്പടക്കത്തിലുപയോഗിക്കുന്നവ ഒറ്റയൊറ്റപ്പടക്കങ്ങളായാല്‍ ബീഡിപ്പടക്കമായി ) തീക്കൊളുത്തി . വലിച്ചെറിയാന്‍ നേരം പക്ഷേ സംഗതി തിരിച്ചായി . പടക്കത്തിനു പകരം എറിഞ്ഞത് ബീഡി . അപകടം മനസ്സിലാക്കി വീണ്ടും വലിച്ചെറിയും മുമ്പ് പടക്കം പൊട്ടി . പിന്നെ അമ്മാവന്റെ പടക്കമേറ് ഞങ്ങള്‍ കണ്ടിട്ടില്ല . കരുണാകരന്‍ വൈദ്യരുടെ പച്ച മരുന്ന് ചികിത്സ കഴിഞ്ഞ് കെട്ടഴിച്ചപ്പോഴേക്കും ഒന്നുരണ്ടു വിരലുകള്‍ അമ്മാവന്‍ പറയുന്നത് കേള്‍ക്കാതായിരുന്നു.

അമ്പലക്കുന്നിലേക്കുള്ള ഞങ്ങളുടെ യാത്രകളില്‍ പിന്നെ അമ്മാവനില്ലാതായി . ഓരോ വേനലവധിയും ഞായാറാഴ്ചകളും ഞങ്ങള്‍ കുന്നുകയറി . പച്ചമട്ടല് ചെത്തി ബാറ്റുണ്ടാക്കി ക്രിക്കറ്റുകളിച്ചു. സച്ചിന്റെ കയ്യില്‍ കണ്ട ബാറ്റിലുള്ളതു പോലെ കൂട്ടത്തിലെ ചിത്രകാരന്‍ രാജേഷ് മട്ടല്‍ ബാറ്റില്‍ ബോള്‍ പേന കൊണ്ട് വലുതാക്കി MRF എന്നെഴുതി നേരം വെളുപ്പിച്ചു . അസമയത്തും വിളക്കു കത്തിച്ച് റേഷന്‍ മണ്ണെണ്ണ തീര്‍ക്കുന്നതില്‍ രാധികേടത്തിയുടെ ചീത്ത വിളി മൈന്‍ഡ് ചെയ്യാതെ അവനത് ഭംഗിയാക്കി.

നാട്ടില്‍ റോഡുപണിക്കു വന്ന തമിഴ് കുടുംബങ്ങള്‍ കുടിലു കുത്തിത്താമസിക്കുന്ന ‘അണ്ണാച്ചിക്കോളനി ‘ അമ്പലക്കുന്നിലായിരുന്നു. കുട്ടികളെ പിടിച്ചു തിന്നുന്നവര്‍ അണ്ണാച്ചിക്കോളനിയിലുണ്ടെന്നും അതല്ല , കുട്ടികളെ കിട്ടിയാല്‍ കൈകാലുകള്‍ തല്ലിയൊടിച്ചും കണ്ണു കുത്തിപ്പൊട്ടിച്ചും പിച്ചയെടുപ്പിക്കുമെന്നും അന്ന് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു സംസാരമുണ്ടായിരുന്നു. ചോറുണ്ണാന്‍ മടിയുള്ള കുട്ടികളോട് അണ്ണാച്ചിക്കോളനിയില്‍ പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞ് എന്തോരം ചോറു തീറ്റിച്ചിട്ടുണ്ടെന്നോ ഞങ്ങളുടെ അമ്മമാര്‍ . അത് മാറാന്‍ തുടങ്ങിയത് അണ്ണാച്ചിക്കോളനിയിലെ കുട്ടികള്‍ ഒറ്റയും തെറ്റയുമായി സ്‌കൂളില്‍ വരാന്‍ തുടങ്ങിയതോടെയാണ് . കൈകാലുകള്‍ക്കും കണ്ണിനും കേടുപാടില്ലാത്ത കുട്ടികള്‍ .

ഫസ്റ്റ് ഇയര്‍ പ്രീഡിഗ്രിയുടെ വെക്കേഷന്‍ കാലത്ത് അമ്പലക്കുന്നിലെ കാടുതെണ്ടി (അമ്മയുടെ വിശേഷണം ) നടക്കുമ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത് . പകലിലെ വെയിലു മുഴുവന്‍ പണിയെടുത്ത് മണ്‍ പ്രതിമകള്‍ പോലെ വരുന്ന അണ്ണാച്ചിക്കോളനിക്കാര്‍ കുന്നിന്റെ താഴെ കനാല്‍ വെള്ളത്തില്‍ കുളിച്ച് അങ്ങാടിയിലേക്കിറങ്ങും . കനകാംബരം ചൂടിയ പെണ്ണുങ്ങള്‍ അനാദി സാധനങ്ങളും പച്ചക്കറിയും വാങ്ങുമ്പോഴേക്കും നീളന്‍ ടോര്‍ച്ചുമായി കള്ള് ഷാപ്പിലോ ചില കടകളുടെ പിന്നിലോ പോയ ആണുങ്ങള്‍ തിരിച്ചെത്തും . അപ്പോഴേക്കും ‘കമല ടാക്കീസില്‍ ‘ ഏതെങ്കിലും രജനിപ്പടത്തിന്റെ മുന്നോടിയായുള്ള പാട്ടു മുഴങ്ങും .

അണ്ണാച്ചിക്കോളനിയിലെ ഒരു കുട്ടിക്കൂട്ടത്തിന്റെ നേതാവ് എങ്ങനെയോ എന്റെ ശ്രദ്ധയില്‍ പെട്ടു . അനിത . ഒരൊമ്പതാം ക്ലാസ്സുകാരി. ഒരുവളുടെ അഭാവത്തില്‍ അവളെത്തന്നെ ഓര്‍ക്കുകയും അവള്‍ക്കൊപ്പമുള്ള കാര്യങ്ങള്‍ ഭാവനയില്‍ കാണുകയും ചെയ്യുക . അവളെ കാണുമ്പോള്‍ ഒന്നും മിണ്ടാനാവാതെ , കണ്ടതായി നടിക്കാതെ പോവുക. ഈ അവസ്ഥയെ എന്തു പേരു വിളിക്കും ?

ആ വിഷുക്കാലത്ത് കുന്നിന്‍മുകളിലെ കളി കഴിഞ്ഞു കണിസാധനങ്ങള്‍ ഒരുക്കുകയായിരുന്നു ഞങ്ങള്‍ . മരം കയറാനറിയുന്ന കൂട്ടുകാര്‍ മുഴുവന്‍ കൊന്നമരങ്ങളിലും മാവുകളിലുമാണ് . മരം കയറാനറിയാത്ത ഞാന്‍ അവര്‍ താഴെക്കിടുന്ന കൊന്നപ്പൂക്കള്‍ കെട്ടുകളാക്കുന്നു.
‘കുറച്ചു പൂത്തരുമോ?” അല്പം സങ്കോചത്തോടെയുള്ള ചോദ്യം. അതവളായിരുന്നു. ആ ഒറ്റ ചോദ്യത്തില്‍ പൂവിട്ടിരിക്കുന്നെത്ര പൊന്‍കണിക്കൊന്നപ്പൂവുകള്‍ !

അമ്പലക്കുന്നിലെ കാറ്റു കൊണ്ടത്തരുന്ന നാട്ടുമാങ്ങയുടെ ചുനമണവും കശുമാങ്ങാക്കറയും പങ്കിട്ട് ഞങ്ങളും അവളുടെ കുട്ടിക്കൂട്ടവും ആ വേനലവധിയും പിന്നിട്ടു. മഴ വന്ന് സ്‌കൂള്‍ തുറക്കും മുമ്പേ റോഡുപണി കഴിഞ്ഞു. ഒരു ജീവിതകാലം കൊണ്ടുണ്ടാക്കിയതെല്ലാം വലിയൊരു ലോറിയില്‍ കെട്ടിയൊതുക്കി തങ്ങളുണ്ടാക്കിയ പാതയിലൂടെ അണ്ണാച്ചിക്കോളനി കുന്നിറങ്ങി. മുനിയപ്പനെന്ന അച്ഛനും കണ്ണമ്മയെന്ന അമ്മയ്ക്കുമൊപ്പം അവളും .

കാരിരുമ്പു പോലുറച്ച പാറ പൊട്ടിച്ചും മണ്ണിടിച്ചും പാതകളുണ്ടാക്കുന്നവര്‍ . ചെമ്മണ്‍ പാതയിലെ പൊടിക്കാറ്റുപോലെ ഒരിടത്തും ഉറച്ചു നില്‍ക്കാത്തവര്‍ . ഈ പ്രവാഹത്തിനിടയില്‍ പെറ്റുപെരുകുന്നൊരു വംശാവലി . എങ്കിലും തെറ്റില്ലാതെ പഠിക്കുന്ന അനിതയ്ക്ക് ചില സ്വപ്നങ്ങളുണ്ടായിരുന്നു. പഠിക്കണം . അന്തസ്സായി ജീവിക്കാവുന്നൊരു തൊഴില്‍ വേണം . അപ്പ പറഞ്ഞ കഥകളിലെ ധര്‍മ്മപുരിക്കുമപ്പുറത്തെ വിദൂര ഗ്രാമത്തിലൊരു വീടു വേണം . ഒപ്പമിരുന്ന നേരമത്രയും അവള്‍ പറഞ്ഞതാ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു .

ആ സ്വപ്നങ്ങള്‍ കൂടിയാണ് വണ്ടി കയറി അടുത്ത താവളം തേടുന്നത് . ഞങ്ങളുടെ കൂട്ടറിയാവുന്ന കൂട്ടുകാരെന്നോട് ചോദിച്ചു . ”ഒന്നു കാണണ്ടേ?”
”വേണ്ട ! എന്തിന് ? എവിടേക്കെന്നു പോലുമറിയാത്ത ആ യാത്ര കണ്ടു നില്‍ക്കാനുള്ള കരുത്തുണ്ടാവില്ല .

ഒഴുകിയൊഴുകിപ്പോവാനുള്ള തന്റെ വംശവിധിയെ പ്രതിരോധിക്കാനുള്ള ബലം അവളുടെ കനവുകള്‍ക്കുണ്ടാവുമോ ? അതോ ആ സ്വപ്നങ്ങളുടെ വേരറുത്ത് ആ പ്രവാഹം അവളെയുമാവിധിയില്‍ ലയിപ്പിക്കുമോ ? അറിയില്ല .

പക്ഷേ കൊന്നകള്‍ പൊന്നണിയുന്ന ഓരോ വേനലും എന്നോടിപ്പോഴും ചോദിക്കുന്നു .
‘കുറച്ച് പൂ തരുമോ?”

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News