അടിമുടിമാറി പൊന്‍മുടിയില്‍

പൊന്‍മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊന്‍മുടിയിലെ കെ.ടി.ഡി.സി യുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ച 15 കോട്ടേജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോവര്‍ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതുവഴി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും. വിവിധതരം സന്ദര്‍ശകര്‍ എത്തിച്ചേരുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണിക്കും. ട്രെക്കിംഗ്, ക്ലൈമ്പിംഗ്, സൈക്ലിംഗ് പോലുള്ള പദ്ധതികള്‍ ഉണ്ടാകേണ്ടതിന്റെ സാധ്യത പരിശോധിക്കും. സമഗ്രവികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 200 കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ നേരത്തെ പ്രഖ്യാപിച്ചത്.
ഗോള്‍ഡന്‍ പീക്കില്‍ പുതുതായി 15 കോട്ടേജുകളാണ് സമയബന്ധിതമായി നിര്‍മിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം കുറേകാലമായി പൂര്‍ത്തിയാകാതെ കിടക്കുന്നത് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും.
കെ.ടി.ഡി.സി വഴിയുള്ള ടൂറിസം വികസന പദ്ധതികള്‍ക്കും സംസ്ഥാനമാകെ സര്‍ക്കാര്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. മൂന്നാര്‍ ടീക്കൗണ്ടി, കോവളം സമുദ്രാ ഹോട്ടല്‍, കുമരകം വാട്ടര്‍സ്‌കേപ് എന്നിവയുടെ നവീകരണപദ്ധതികളും കോഴിക്കോടും മുഴുപ്പിലങ്ങാടും രണ്ടു സ്റ്റാര്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്. കന്യാകുമാരിയിലും ഗുരുവായൂരും കെ.ടി.ഡി.സിക്ക് രണ്ടു വലിയ ഹോട്ടലുകള്‍ വരുന്നുണ്ട്. ചെന്നൈയിലും നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
തിരുവനന്തപുരം ജില്ലയില്‍ ഈ സര്‍ക്കാര്‍ വന്നശേഷം 150 കോടിയുടെ ടൂറിസം വികസനപദ്ധതികളാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്. നാശത്തില്‍ കിടന്ന വേളി ടൂറിസ്റ്റ് വില്ലേജ് നവീകരിക്കുകയാണ്. ബോട്ട് വാങ്ങാനും ഫ്ളോട്ടിംഗ് റസ്റ്റോറന്റ് നവീകരിക്കാന്‍ നടപടിയായി. ടോയ് ട്രെയിന്‍, ഇക്കോ പാര്‍ക്ക്, അര്‍ബര്‍ പാര്‍ക്ക് തുടങ്ങിയവയും വേളി കണ്‍വന്‍ഷന്‍ സെന്ററും ഉടന്‍ നിര്‍മാണം ആരംഭിക്കും. ആക്കുളം, കോവളം, അരുവിക്കര, നെയ്യാര്‍ഡാം എന്നിവിടങ്ങളിലും മടവൂര്‍പാറയിലും വര്‍ക്കലയിലും ടൂറിസം വികസനത്തിന് നിരവധി പദ്ധതികളാണ് വരുന്നത്.
മലബാറിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തെ അറിയിക്കാനും അവ പരമാവധി ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. നിരവധി പദ്ധതികള്‍ ഇത്തരത്തില്‍ ഉത്തരമലബാറില്‍ നടപ്പാക്കിവരുന്നുണ്ട്. മധ്യകേരളത്തിലും വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥി ആയിരുന്നു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, വാമനപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി, വാമനപുരം ബ്ളോക്ക് പഞ്ചായത്തംഗം ഷീബാ ഗിരീഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തംഗം ജിഷ എ.ആര്‍, കെ.ടി.ഡി.സി ബോര്‍ഡംഗങ്ങളായ കൃഷ്ണകുമാര്‍, പി.പി. ദിവാകരന്‍, പി. ഗോപിനാഥന്‍, യു. ബാബു ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ആര്‍. രാഹുല്‍ സ്വാഗതവും ഗോള്‍ഡന്‍ പീക്ക് മാനേജര്‍ കെ. വിജയന്‍ നന്ദിയും പറഞ്ഞു.
3.2 കോടി രൂപ അടങ്കലിലാണ് 15 പുതിയ കോട്ടേജുകള്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ചത്. നിലവിലുള്ള കോട്ടേജുകള്‍ ഉള്‍പ്പെടെ 29 കോട്ടേജുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ആധുനിക നിലവാരമുള്ളതും പ്രകൃതിയോടിണങ്ങിയവയുമായ കോട്ടേജുകളാണ് മനോഹരമായ ലാന്‍ഡ്സ്‌കേപ്പിംഗില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനാവുംവിധമുള്ള ക്ലിഫ് വ്യൂ കേട്ടേജുകളും പ്രത്യേകതയാണ്. 2017ല്‍ ഭരണാനുമതിയായ പദ്ധതിപ്രകാരമാണ് പുതിയ കോട്ടേജുകള്‍ ഒരുക്കിയത്.

Related Articles