കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി
എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയിരുന്നു.
സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരന്‍ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. പൊലീസ് യൂണിഫോമില്‍ എത്തിയാണ് മോഷണം നടത്തിയത്.



