തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കേസെടുത്ത് പോലീസ്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സഹയാത്രികന്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ഇത് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അതിക്രമം അതിരുവിട്ടതോടെ പെണ്‍കുട്ടി ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഈ സമയം മറ്റ് യാത്രക്കാര്‍ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഒന്നുകില്‍ പോലീസ് സ്‌റ്റേഷനിലേക്ക് അല്ലെങ്കില്‍ ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടണം എന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ കണ്ടക്ടര്‍ പ്രതിയെ പേയാട് ഭാഗത്ത് ഇറക്കി വിടുകയായിരുന്നു.
ഈ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ സ്വയമേ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൂജപ്പുര പോലീസിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




