ജില്ലാ പൊലീസ് ആസ്ഥാനത്ത് യുവതിയുടെ ആത്മഹത്യാ ശ്രമം, രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ; യുവാവിനെതിരെ വടകര പൊലീസ് കേസെടുത്തു

വടകര: വിദേശത്ത് യുവതിയോടൊപ്പം കഴിയുന്നതിനിടെ വിശ്വാസ വഞ്ചന നടത്തി പണം അപഹരിച്ചെന്ന പരാതിയുമായി റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതി പൊലീസ് ആസ്ഥാനത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ദേഹമാസകലം പെട്രോള്‍ ഒഴിച്ച് തീപ്പെട്ടി ഉരക്കുന്നതിനിടയില്‍ സംഭവം കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ യുവതി രക്ഷപ്പെട്ടു. തീപ്പെട്ടി ഉരസുന്നതിനിടയില്‍ ഇതുവഴിയെത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ മണിയൂര്‍ സ്വദേശി സുനില്‍ തുഷാരയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

ബുധന്‍ പകല്‍ 12 ഓടെയാണ് സംഭവം. വാണിമേല്‍ കൊടിയുറ സ്വദേശി അബ്ദുള്‍ ലത്തീഫിനെതിരെ പരാതിയുമായി വളയം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് സെര്‍ച്ച് വാറന്റില്ലാതെ വീട് പരിശോധിക്കാന്‍ കഴിയില്ലെന്ന് വളയം പൊലീസ് അറിയിച്ചു. പിന്നീട് യുവതി സെര്‍ച്ച് വാറന്റുമായി പൊലീസ് സ്റ്റേഷനിലെത്തുകയും യുവതിയുടെ പരാതിയില്‍ വാണിമേല്‍ കോടിയുറയിലെ വീട് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന് യുവാവിനെ കണ്ടെത്താനായില്ല.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം യുവാവ് വിദേശത്തായിരുന്നു. എന്നാല്‍ വിവാഹിതനായ കാര്യം മറച്ചുവച്ചായിരുന്നു തമിഴ്നാട് സ്വദേശിനിയായ യുവതിക്കൊപ്പം കഴിഞ്ഞത്. യുവാവിനെ കണ്ടെത്താന്‍ കഴിയാതായതോടെയാണ് യുവതി പരാതിയുമായി വടകരയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയത്.

പൊലീസ് മേധാവി യോഗത്തിലായതിനാല്‍ യുവതി അഡീഷണല്‍ എസ്പിക്ക് പരാതി നല്‍കി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ ഓഫീസ് മുറ്റത്തു വച്ച് കൈയില്‍ കരുതിയ പെട്രോള്‍ തലയിലൂടെ ഒഴിച്ച് തീപ്പെട്ടി എടുത്ത് കത്തിക്കാന്‍ ശ്രമിച്ചു. പൊലീസ് യുവതിയെ വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. യുവതിയെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തില്‍ അബ്ദുള്‍ ലത്തീഫിനെതിരെ വടകര പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top