
തിരൂര്‍: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സ്വദേശി പുല്ലാണിക്കല്‍ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാര്‍(37) കണ്ണമംഗലം സ്വദേശി പാറക്കന്‍ മുഹമ്മദ് കബീര്‍(33) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ പോലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നഗരത്തില്‍ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി പിടിയിലായത്. ഹൈദരലി ദിവസങ്ങള്‍ക്കു മുന്‍പ് വിസിറ്റിംഗിനായി ഒമാനില്‍ പോയതായിരുന്നു. ഒരു ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്നും ട്രെയിന്‍ വഴിയാണ് തിരൂരില്‍ എത്തിയത്.
റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാന്‍ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. ഒമാനില്‍ വെച്ച് പാക്കിസ്ഥാനിയായ വില്പനക്കാരനില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാല്‍ നല്‍കിയതായും പിടിയിലായ ഹൈദരലി പോലീസിനോട് പറഞ്ഞു. കേരള വിപണിയില്‍ 5 ലക്ഷത്തോളം രൂപയ്ക്ക് വില്‍ക്കാനാണ് തയ്യാറെടുത്തിരുന്നത് . വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനും ആയി സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കേരള പോലീസിന്റെ ഡി.ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഒരു മാസത്തോളമായി ജില്ലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ് . ഓപ്പറേഷന്റെ ഭാഗമായി തീരദേശ മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
തിരൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആര്‍.പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, രാജേഷ് കെ ആര്‍, ബിനു,ധനീഷ് കുമാര്‍, വിവേക്, സതീഷ് കുമാര്‍, ദില്‍ജിത്, സുജിത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




