ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ ഓലിക്കരോട്ട് പ്രവീണാണ് അറസ്റ്റിലായത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പ്രവീണ്‍. 2019-ലും 2022-ലും ഇയാള്‍ സമാന കേസുകളില്‍ പിടിയിലായിട്ടുണ്ട്. ഇതിന് ശേഷം ഇടുക്കി ഡാന്‍സാഫ് ടീം പ്രവീണിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് ചെടികള്‍ക്കിടയില്‍ ചിരട്ടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഇയാളുടെ പക്കല്‍ നിന്ന് പൊതികളായി സൂക്ഷിച്ചിരുന്ന 9 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ലിജോ പി മണിയും ഡാന്‍സാഫ് ടീമംഗങ്ങളുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top