Section

malabari-logo-mobile

പ്രണയം

HIGHLIGHTS : കവിത ഡോ : വി അബ്ദുല്‍ ലത്തീഫ്‌: ചലനത്തിലും ശ്വാസത്തിലും പ്രണയമുള്ള കൂട്ടുകാരനെ മരമെന്നു വിളിക്കാം.*

കവിത ഡോ : വി അബ്ദുല്‍ ലത്തീഫ്‌

 ചലനത്തിലും ശ്വാസത്തിലും പ്രണയമുള്ള കൂട്ടുകാരനെ മരമെന്നു വിളിക്കാം.* 
.. .. .. .. .. ..

sameeksha-malabarinews

1.
എന്റെ
പനിനീർച്ചെടിയിൽ
ഇന്ന്
രണ്ടിതളുള്ള
ഒരു പൂവിരിഞ്ഞു
അതിൽ
ഗുരുവും ലഘുവുമായി
നിന്റെ പേരെഴുതിയിരിക്കുന്നു

2.
മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ
ഒന്നു സ്ഥലം മാറണം
ഒരു നാൾ
നിന്നെ പിരിയുന്നതിനുള്ള
പരിശീലനമാണ്

3.
നീ മിണ്ടാതിരിക്കുമ്പോൾ
മഴ മാറി നിൽക്കുന്ന
മുറ്റം പോലെ
ഞാനുണങ്ങിപ്പോകും
വരൾച്ചയിലും
പൂക്കാൻ ശ്രമിക്കുന്ന
ചെടികളെപ്പോലെ
എന്റെ മന്ദഹാസങ്ങൾ
കരുവാളിച്ചിരിക്കും

4.
സൂറത്ത്
തുറമുഖത്തു നിന്നുള്ള
മുഴുവൻ വരുമാനവും
ജഹനാരാ ബീഗത്തിനുള്ളതായിരുന്നുവത്രെ!!
എന്നിട്ടും അവർക്ക് തടവിലുള്ള
അച്ഛനെ പരിചരിച്ചു കഴിയേണ്ടി വന്നു.

പ്രിയപ്പെട്ടവളേ,
അതോർത്തൊന്നുമല്ല,
ഏറെക്കാലത്തിനു ശേഷം
എനിക്കിന്നു മരിക്കാൻ
തോന്നുന്നുii

5
ഭയം
ചിതലുകളായി
അസ്ഥികളിൽ
അരിച്ചു കയറുമ്പോൾ
പ്രിയപ്പെട്ടവളേ,
നിന്റെ ഓർമ്മകൾ
ഇലഞ്ഞിപ്പൂക്കളായി
അവയെ അടർത്തിക്കളയുന്നു

6.
പെയ്യാതെ
നനയ്ക്കുന്ന ആ മഴയിൽ
ഞാനിന്ന്
അകം പുറം കുതിർന്നിരിപ്പാണ്.
തോർന്നെന്ന്
കരുതുമ്പോഴേക്കും
സിതാറിന്റെ തന്ത്രികളിലേക്ക്
അത് പൊടിഞ്ഞു പൊടിഞ്ഞു പെയ്യുന്നു.
പിയാ തോരാ ….
കെയ്സാ അഭിമാൻ

7.
കാല്പനികതയെല്ലാം
അഴിച്ചു വെച്ച്
ഉറങ്ങാൻ കിടന്നതാണ്.
അപ്പോഴേക്കും
ഭ്രാന്തൻ നിലാവ്
ഞെരമ്പുകളിലേക്ക് കയറി വന്നു
ഇനി
നിനക്കായി രണ്ടു ഗീതമെഴുതാതെങ്ങനെ ഉറങ്ങും?

8.
എന്നും
നിന്റെ വീട്ടുപടിക്കൽ
വന്നു നിൽക്കുന്നത്
ചാപല്യമായി കാണരുത്.
ഞാനെന്റെ
അന്ധതയെ
മൂർച്ച കൂട്ടിയെടുക്കുകയാണ്

9.
പതിവുപോലെ
ഉണരുകയും
അധികമോ കുറവോ ഇല്ലാതെ
ജീവിതവൃത്തികളിലൂടെ കടന്നു പോവുകയും ചെയ്യുന്നതിനിടയിലും
നീയെന്നെ
എന്തോ ഒക്കെ ആക്കിത്തീർക്കുന്നുണ്ട്;
മുറിച്ചെഴുതിയ
വരികൾക്കിടയിൽ
കയറിയിരുന്ന്
ഒരു ദേശ് രാഗം അതിനെ മാറ്റിത്തീർക്കുന്നതു പോലെ.

10.
നിന്റെ,
തേൻ പുരട്ടിയ
ചുണ്ടുകളിൽനിന്നാണ്
ഗസലുകൾ പുറപ്പെടുന്നതെന്നറിയാം
പക്ഷേ അതിൽ
വേദനയും വിഷാദവും
നിറയുന്നതെങ്ങനെയാണ്?

11.
ശുഭരാത്രി പറയാനും
ശുഭദിനമാശംസിക്കുവാനും
നീയൊരു നിമിത്തമായതുകൊണ്ടാണ്
എന്റെ മുന്തിരിവള്ളികളിൽ
എന്നും പൂക്കളുണ്ടാകുന്നത്

12
പയർവള്ളികൾ
കാണുമ്പോൾ
ഇവർക്കെന്നെയൊന്ന്
ചുറ്റിവരിഞ്ഞുകൂടേന്ന്,
നീലയായ് ഉടലിൽ പൂത്ത്
ആകാശത്തെ
വിസ്മയിപ്പിച്ചു കൂടേന്ന്
തോന്നിപ്പോകും.

13.
ഞാനും നീയും
ഒന്നിച്ചു വന്ന
സീനുകളൊക്കെ
ഞാൻ
മാറ്റിയെഴുതി നോക്കാറുണ്ട്.
മാറിയ നീയാണ്
ശരിക്കുള്ള നീയെന്ന്
ഭാവിച്ചു നിൽക്കാറുമുണ്ട്

14
മരുഭൂമിയായിപ്പോകുമായിരുന്ന
എന്റെ വീട്ടുമുറ്റത്ത്
നിറയെ പൂച്ചെടികൾ നിരത്തിയത് നീയാണ്.
നനച്ചും സ്നേഹം നൽകിയും
അത് ഇന്നൊരു വനമായിരിക്കുന്നു

15
ഒറ്റക്കട്ടയുള്ള
ഹാർമോണിയം സങ്കല്പിച്ചിട്ടുണ്ടോ ?

ഞാനെങ്ങനെ നോക്കിയിട്ടും
അതിന് നിന്റെ മുഖം,
നിന്റെ ഭാവം,
നിന്റെ ശ്രുതി.
——————————–
* അത്ഭുതകരമായി പ്രണയിക്കുന്ന ഒരു സുഹൃത്തുണ്ട്. ഈ വരികൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു
——————
വി.അബ്ദുൾ ലത്തീഫ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!